ലണ്ടൻ: യു കെയിലെ ആദ്യകാല മലയാളി ഡോക്ടർമാരിൽ പ്രഥമസ്ഥാനീയനായ ഡോ. എം കെ രാമചന്ദ്രൻ ലണ്ടനിൽ അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ഡോ. എം കെ രാമചന്ദ്രൻ, അറുപതുകളിൽ മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയത്. ഭാര്യ: രമ, മക്കൾ: റെമീന, രസീത, രഹേഷ്. അനുഷ, റിയ, ലക്ഷ്മി എന്നിവരാണ് പേരക്കുട്ടികൾ.
1974 – ലാണ് ഡോ. എം കെ രാമചന്ദ്രൻ യു കെയിൽ എത്തുന്നത്. അതിനു മുൻപ് അദ്ദേഹം, ഇന്ത്യയിലെ വിവിധ ആശുപത്രികളിലും ജനറൽ പ്രാക്ടീഷണർ എന്ന നിലയിലും സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിരുന്നു. യു കെയിൽ അദ്ദേഹം ഹാർട്ട്‌പൂൾ ഹോസ്പിറ്റലിൽ നിന്നും പീഡിയാട്രിക്‌സിൽ സ്പെഷ്യലൈസേഷൻ നേടി, തുടർന്ന് ഡംബാർട്ടൺ, ഡബ്ലിൻ, വെസ്റ്റ് യോർക്ക്ഷെയറിലെ ഡ്യൂസ്ബറി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.
1978 – ൽ, എസെക്സിലെ ഈസ്റ്റ് ടിൽബറിക്ക് സമീപമുള്ള ലിൻഫോർഡിലെ സെൻ്റ് ഫ്രാൻസിസ് ചർച്ച് ഹാളിൽ അദ്ദേഹം തൻ്റെ ആദ്യ ജിപി പ്രാക്ടീസ് സ്ഥാപിച്ചു. തുടർന്നു, ഈസ്റ്റ് ടിൽബറിയിലെ ആപ്പിൾഡോർ ഇൻ്റഗ്രേറ്റഡ് മെഡിക്കൽ സെൻ്റർ, എസെക്സിലെ ടിൽബറിയിലെ മെഡിക് ഹൗസ് എന്നിങ്ങനെ രണ്ടു ജി പി കൂടി അദ്ദേഹം ആരംഭിച്ചു. ഇതിനിടയിൽ അദ്ദേഹം എസ്സെക്സിലെ ഓർസെറ്റിൽ സ്ഥിരതാമസമാക്കി.
അക്യുപങ്ചർ, മെഡിക്കൽ ഹിപ്നോസിസ്, ആയുർവേദം (ഇന്ത്യൻ ഹോളിസ്റ്റിക് തെറാപ്പി) എന്നിവയിൽ ഡിപ്ലോമ നേടിയ ഡോ. രാമചന്ദ്രൻ 1985 – ൽ ഹോമിയോപ്പതിയിൽ ബിരുദം നേടി. അദ്ദേഹം റോയൽ ലണ്ടൻ ഹോമിയോപ്പതിക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ അസിസ്റ്റൻ്റായി സേവനമനുഷ്ഠിക്കുകയും ഹാർലി സ്ട്രീറ്റിൽ ഹോമിയോപ്പതിയായി പ്രാക്ടീസ് സ്ഥാപിക്കുകയും ചെയ്തു.
ബദൽ പ്രതിരോധ ചികിത്സകളോടുള്ള അദ്ദേഹത്തിൻ്റെ സമർപ്പണം, ഇപ്പോഴത്തെ ബ്രിട്ടീഷ് രാജാവായ ചാൾസ് രാജകുമാരനുമായുള്ള ബന്ധത്തിലേക്ക് നയിച്ചു, കൂടാതെ 2005 – ൽ സെൻ്റ് ജെയിംസ് പാലസിൽ വെയ്ൽസ് രാജകുമാരൻ്റെ ഇൻ്റഗ്രേറ്റഡ് ഹെൽത്ത് ലോഞ്ചിലേക്കുള്ള ക്ഷണം നൽകി അദ്ദേഹത്തെ ആദരിച്ചു.
തൻ്റെ പ്രൊഫഷണൽ പരിശ്രമങ്ങൾക്കപ്പുറം, ഡോ. രാമചന്ദ്രൻ വൈവിധ്യമാർന്ന താൽപ്പര്യങ്ങളുള്ള വ്യക്തിയായിരുന്നു. ഉത്സാഹിയായ കലാകാരനും സംഗീത പ്രേമിയുമായിരുന്നു അദ്ദേഹം. എഴുപതുകളിൽ അദ്ദേഹം കേരളം വിട്ടെങ്കിലും, തൻ്റെ പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ അദ്ദേഹം പതിവായി ഇന്ത്യയിൽ എത്തിയിരുന്നു.
ഇവിടുത്തെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഡോ. എം കെ രാമചന്ദ്രൻ്റെ സംസ്കാര ചടങ്ങുകൾ 2024 മാർച്ച് 26 ചൊവ്വാഴ്ച നടക്കും.