യുഎന്‍: ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഹമാസ് തടവിലാക്കിയിരിക്കുന്ന ഇസ്രയേല്‍ പൗരന്‍മാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. ഉടന്‍ വെടിനിര്‍ത്തലിന് ഇസ്രായേലിനെ സമ്മര്‍ദത്തിലാക്കാത്ത ഒന്നിലും മോസ്കോ തൃപ്തരാകില്ലെന്ന് റഷ്യയുടെ ഡെപ്യൂട്ടി യു.എന്‍ അംബാസഡര്‍ ദിമിത്രി പോളിയാന്‍സ്കി പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് ബദല്‍ പ്രമേയത്തിന് ഒരുങ്ങുന്നുണ്ട്.15 അംഗ സമിതിയില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചും മൂന്ന് രാജ്യങ്ങള്‍ എതിര്‍ത്തും വോട്ടുചെയ്തപ്പോള്‍ ഗയാന വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ചൈന, റഷ്യ എന്നീ സ്ഥിരാംഗങ്ങളെ കൂടാതെ അല്‍ജീരിയയാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, എക്വഡോര്‍, ജപ്പാന്‍, മാള്‍ട്ട, മൊസാംബീക്, ദക്ഷിണ കൊറിയ, സിയറാ ലിയോണ്‍, സ്ളൊവീനിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയാണ് അനുകൂലിച്ച് വോട്ട് ചെയ്ത രാജ്യങ്ങള്‍. ഉടനടി വെടിനിര്‍ത്തുന്നതിനെ തങ്ങള്‍ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കിയ റഷ്യയുടെ യു.എന്നിലെ പ്രതിനിധി വാസിലി നെബെന്‍സിയ പ്രമേയത്തിലെ ഭാഷ രാഷ്ട്രീയവത്കരിച്ചതും അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കുറ്റപ്പെടുത്തി. റഫയില്‍ സൈനിക നടപടിക്ക് ഇസ്രായേലിന് പച്ചക്കൊടി കാട്ടുന്ന കപടമായ പ്രമേയമാണ് യു.എസ് അവതരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
നേരത്തെ ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോളെല്ലാം അമേരിക്ക വീറ്റോ ചെയ്തിരുന്നു. ഇസ്രായേലിന് പിന്തുണ നല്‍കുന്ന നയം രാജ്യത്തിനകത്തും പുറത്തും സമ്മര്‍ദത്തിന് കാരണമായപ്പോഴാണ് യു.എസ്, നിലപാടില്‍ അയവുവരുത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *