തിരുവനന്തപുരം: വോട്ടെടുപ്പിന് അഞ്ചാഴ്ചയോളം ബാക്കിയുണ്ടെങ്കിലും പ്രചാരണം കൊഴുപ്പിക്കാൻ അരയും തലയും മുറുക്കി മുന്നണികൾ രംഗത്ത്. മൂന്ന് മുന്നണികളും പ്രചാരണ രംഗത്ത് ഒരുപോലെ മുന്നേറുകയാണ്. വാശിയേറിയ ത്രികോണപ്പോരിനും സാക്ഷ്യം വഹിക്കുന്ന മണ്ഡലങ്ങളിൽ അതിശക്തമായ പ്രചാരണമാണ്. മണ്ഡലത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി തങ്ങളുടെ സ്വാധീനമുറപ്പിക്കാനാണ് മുന്നണികളുടെ ശ്രമം. അതിശക്തമായ വേനലിനെപ്പോലും മറികടന്നാണ് വമ്പൻ പ്രചാരണവുമായി മുന്നണികൾ രംഗത്തുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ദേശീയ നേതാക്കളെയും വി.വി.ഐ.പികളെയും ഇറക്കിയാണ് എൻ.ഡി.എയുടെ പ്രചാരണം. വിജയം കൊതിക്കുന്ന എ – ക്ലാസ് മണ്ഡലങ്ങളിലാവും ബിജെപി ശ്രദ്ധയൂന്നുക. തിരുവനന്തപുരം, പാലക്കാട്, തൃശൂർ, ആറ്റിങ്ങൽ, കാസർകോട് എന്നിവിടങ്ങളാണ് ബിജെപി കൂടുതൽ ശ്രദ്ധവയ്ക്കുന്നത്.
ബി.ജെ.പിയുടെ ആദ്യപട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ സജീവമായിക്കഴിഞ്ഞു. ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് നൽകിയ നാല് സീറ്റുകളിലും സ്ഥാനാർത്ഥികൾ രംഗത്തിറങ്ങി. ഇനി കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് സീറ്റുകളിലാണ് ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ളത്.
രാഹുൽ ഗാന്ധി അടുത്തയാഴ്ച വരുന്നതോടെ കോൺഗ്രസിന്റെ പ്രചാരണം ഉച്ചസ്ഥായിയിലാവും. കണ്ണൂർ, ആലപ്പുഴ, വയനാട് സീറ്റുകളിൽ തട്ടി കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം നീണ്ടതും ലീഗ് അധിക സീറ്റ് ആവശ്യപ്പെട്ടതും പ്രചാരണം തുടങ്ങാൻ വൈകിപ്പിച്ചു. എന്നാൽ മൂന്ന് സീറ്റുകൾക്ക് പകരം വടകരയും തൃശ്ശൂരുമുണ്ടായ അപ്രതീക്ഷിത മാറ്റം പാർട്ടിക്ക് പോസിറ്റീവായെന്നാണ് നേതാക്കളുടെ പക്ഷം.
20 സ്ഥാനാർത്ഥികളുടെയും കൺവെൻഷനുകൾ പൂർത്തിയായി വരികയാണ്. വടകര, ആലപ്പുഴ, തൃശ്ശൂർ മണ്ഡലങ്ങളിലൊഴികെ സിറ്റിംഗ് എം.പിമാരായതിനാൽ തന്നെ കാര്യങ്ങൾ വേഗത്തിലാക്കാമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫിനുള്ളത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ എൽ.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. മുന്നണിയിലെ മുഴുവൻ കക്ഷികളും വളരെ നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയത് കൊണ്ട് തന്നെ പ്രചാരണപ്രവർത്തനങ്ങളിൽ ചെറിയ മുൻതൂക്കവുമുണ്ട്.
തിരഞ്ഞെടുപ്പ് കൺവെൻഷന് ശേഷം 20 മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർത്ഥികളും മൂന്ന് തവണ അതത് മണ്ഡലങ്ങളിൽ പര്യടനം നടത്തിക്കഴിഞ്ഞു. അടുത്ത മാസം ആദ്യ ആഴ്ച്ചയോടെ സ്ഥാനാർത്ഥി പര്യടനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി റോഡ് ഷോയടക്കം നടത്തി ബി.ജെ.പിയുടെ പ്രചാരണത്തിന് കരുത്തു പകരുമ്പോൾ പ്രധാനമായും പൗരത്വ വിഷയമുയർത്തിയാണ് മറ്റ് മുന്നണികൾ അതിനെ നേരിടുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇടതുമുന്നണി വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന അഞ്ച് ബഹുജന റാലികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കും. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നടത്തുന്ന ആദ്യറാലി ഇന്ന് കോഴിക്കോട്ട് നടക്കും.
23 ന് കാസർകോട്ടും 24 ന് കണ്ണൂരും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലികൾ. മുഖ്യമന്ത്രിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മാർച്ച് 30 ന് തിരുവനന്തപുരത്ത് തുടങ്ങും. ഏപ്രിൽ 22 ന് കണ്ണൂരിലാണ് സമാപനം. ഓരോ ലോക് സഭാ മണ്ഡലത്തിലും മൂന്ന് യോഗങ്ങളിൽ വീതം അദ്ദഹം പങ്കെടുക്കും.
വോട്ടെടുപ്പിന് അഞ്ചാഴ്ചയിലേറെയുള്ളത് വെല്ലുവിളി തന്നെയെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ നേതാക്കൾ പറയുന്നു. അവയെ മറികടക്കാൻ പ്രൊഫഷണലുകളുടെ സഹായം ഉൾപ്പെടെ തേടുകയാണ് നേതാക്കൾ. ഇത്രയും ദിവസം പ്രചാരണം കൊഴുപ്പിക്കാനുള്ള പണച്ചെലവാണ് ഏറ്റവും വലിയ വെല്ലുവിളി.
പ്രചാണങ്ങൾക്ക് ദിവസവും വലിയതോതിൽ അണികളെ രംഗത്തിറക്കണം. അവരുടെ ചെലവുകൾക്ക് വൻതുക വേണ്ടിവരും. പോസ്റ്ററുകളുൾപ്പെടെ പ്രചാരണ സാമഗ്രികളുടെ ചെലവാണ് മറ്റൊന്ന്. സ്ഥാനാർത്ഥികളുടെ പര്യടനം, നേതാക്കളുടെ യാത്രാപരിപാടികൾ, താമസം തുടങ്ങിയവ ഉൾപ്പെടെ ആവശ്യങ്ങൾക്ക് വൻതുക കണ്ടെത്തണം.