‘തൃശൂരിങ്ങ് എടുക്കാൻ’ എല്ലാ വഴികളും തേടി ബി.ജെ.പി; കത്തോലിക്ക സഭയുടെ പിന്തുണ തേടാൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിളളയെ ഇറക്കി; സി.ബി.സി.ഐ അധ്യക്ഷനും തൃശൂർ ആർച്ച് ബിഷപ്പുമായ ആൻഡ്രൂസ് താഴത്തുമായി സ്വകാര്യ ഹോട്ടലിൽ നടന്ന ചർ‍ച്ച ആർ.എസ്.എസ് ഉത്തരകേരള പ്രാന്തകാര്യവാഹകിന്റെ സാന്നിധ്യത്തിൽ. സുരേഷ് ഗോപിയുടെ വിജയത്തിന് പിന്തുണ തേടിയുളള ചർച്ചയിൽ മണിപ്പൂർ കലാപം അടക്കമുളള പൊതു വിഷയങ്ങളും ഉന്നയിക്കപ്പെട്ടു;  സി.ബി.സി.ഐ അധ്യക്ഷൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ആ‍ർ.എസ്.എസിന്റെ ഉറപ്പ്

Byadmin

Mar 22, 2024

തൃശൂർ: എ ക്ളാസ് മണ്ഡലമായി കരുതി ലക്ഷ്യം വെച്ചിരിക്കുന്ന പൂരനഗരി ഉൾപ്പെടുന്ന തൃശൂർ സീറ്റിൽ ജയം ഉറപ്പിക്കാൻ എല്ലാ മാർ‍ഗങ്ങളും തേടി ബി.ജെ.പി. തൃശൂരിൽ എൻ.‍ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ സുരേഷ് ഗോപിയുടെ ജയം ലക്ഷ്യമാക്കിയാണ് ബി.ജെ.പിയുടെ ഇടപെടൽ.
തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന എല്ലാ മേഖലയിലും കടന്നുകയറി പിന്തുണ ഉറപ്പാക്കാൻ ശ്രമിച്ചും വോട്ടു ബാങ്കുകളെ പാട്ടിലാക്കിയുമാണ് ബി.ജെ.പി നേതൃത്വത്തിൻെറ തൃശൂരിലെ നീക്കങ്ങൾ.  ഓരോ മേഖലയിലുമുളളവരെ എങ്ങനെ സ്വാധീനിക്കാമെന്ന് മനസിലാക്കി,  അതിന് കഴിയുന്നവരെ ഇറക്കി കരുതലോടെയാണ് നീങ്ങുന്നത്.

കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇൻഡ്യ അദ്ധ്യക്ഷനും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തുമായുളള കൂടിക്കാഴ്ചക്ക് സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്ത ഗോവ ഗവ‍ർണർ പി.എസ്. ശ്രീധരൻ പിളളയെയാണ് ഇറക്കിയത്. നഗരത്തിലെ പ്രമുഖ ഹോട്ടലിൽ വെച്ചായിരുന്നു ഗോവ ഗവർ‍ണറും ആർ‍ച്ച് ബിഷപ്പും തമ്മിലുളള കൂടിക്കാഴ്ച.

 
തിരഞ്ഞെടുപ്പ് കാലത്തെ അതിനിർണായകമായ കൂടിക്കാഴ്ചയെപ്പറ്റി സൗഹൃദ സന്ദർ‌ശനം മാത്രമാണെന്നാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞത്. എന്നാൽ കൂടിക്കാഴ്ചയിൽ ഗോവ ഗവർണർക്കും ആർച്ച് ബിഷപ്പിനും ഒപ്പമുണ്ടായിരുന്ന വ്യക്തിയുടെ സാന്നിധ്യം അത് തെറ്റാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ആർ.എസ്.എസ് ഉത്തര കേരള പ്രാന്ത കാര്യവാഹക് പി.എൻ. ഈശ്വരനാണ് ഇരുവർ‍ക്കും ഒപ്പം ഒരു മണിക്കൂ‍ർ നീണ്ട ചർ‍ച്ചയിൽ പങ്കെടുത്തത്. തൃശൂരിലെ നിർണായകമായ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പിന്തുണയ്ക്കണമെന്ന അഭ്യർത്ഥനയും ചർച്ചയിൽ ഉണ്ടായതായി അഭ്യൂഹമുണ്ട്.  
ക്രൈസ്തവ വോട്ടർമാർ നിർ‍ണായകമായ തൃശൂരിൽ സഭയ്ക്ക് വലിയ സ്വാധീനുമുണ്ട്. ക്രൈസ്തവ വോട്ടുകൾ പൂർണമായും കിട്ടിയില്ലെങ്കിലും ഒരു ഭാഗമെങ്കിലും ഒപ്പം നിർത്താനായാൽ വിജയിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി നേതൃത്വം. സഭ പരസ്യമായി പിന്തുണച്ചില്ലെങ്കിലും പരസ്യമായി എതിർക്കുന്നത് ഒഴിവാക്കുക എന്നതും കൂടിക്കാഴ്ചയുടെ ലക്ഷ്യങ്ങളിൽപെടുന്നു.
സൗഹൃദ സന്ദർശനമെന്ന് ആദ്യം പ്രതികരിച്ച ആർച്ച് ബിഷപ്പ് പിന്നീട്, രാജ്യത്തെ പൊതുവിഷയങ്ങൾ ഗവ‍ർണറെ ധരിപ്പിച്ചതായും പറഞ്ഞിട്ടുണ്ട്. മണിപ്പൂ‍രിലെ കലാപത്തോടെ രാജ്യത്ത് ആകമാനമുളള ക്രൈസ്തവ സഭകൾക്ക് കേന്ദ്ര സർക്കാരിനോട് പരാതികളുണ്ട്. ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ശ്രമം നടന്നുവെന്നും ആരാധനാലങ്ങൾക്ക് നേരെ നടന്ന അക്രമങ്ങൾ തടയാനും അപലപിക്കാനും കേന്ദ്ര സർക്കാർ മുന്നോട്ടുവന്നില്ലെന്നുമാണ് ക്രൈസ്തവ സഭകളുടെ പരാതി.
സഭകളും കേന്ദ്രസർക്കാരുമായുളള അകൽച്ച കുറക്കാനുളള ഇടപെടലിൻെറ ഭാഗം കൂടിയാണ്  സി.ബി.സി.ഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായുളള ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിളളയുടെ ചർച്ച.
സംസ്ഥാനത്തെ ആർ എസ് എസ് നേതാവിൻെറ സാന്നിധ്യത്തിൽ  ക്രൈസ്തവ സഭ നേരിടുന്ന ആശങ്കകൾ ആർച്ച് ബിഷപ്പ് ഗോവ ഗവർണ്ണറെ ധരിപ്പിച്ചിട്ടുണ്ട്. സഭാ നേതൃത്വം ഉന്നയിച്ച പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കാണുമെന്ന് പി.എസ്. ശ്രീധരൻ പിളള ഉറപ്പ് നൽകിയതായാണ് വിവരം.

ദേശീയ വിഷയങ്ങളിലെ മഞ്ഞുരക്കത്തിനൊപ്പം തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഉറപ്പിക്കലാണ് ബി.ജെ.പി – ആർ.എസ്.എസ് നേതൃത്വത്തിന് മുൻപിലുളള അടിയന്തിര ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിക്കുന്ന മണ്ഡലം എന്ന നിലയിൽ ബി.ജെ.പി തൃശൂരിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാ അടവുകളും പയറ്റുന്നുണ്ട്.

കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഇത്തവണ എങ്ങനെയും തിരിച്ചു പിടിക്കണമെന്നാണ് ബി.ജെ.പി ദേശിയ നേതൃത്വം, സംസ്ഥാന ഘടകത്തിന് നൽകയിരിക്കുന്ന നിർദ്ദേശം. വിവാദങ്ങൾ നിരന്തരം ഉണ്ടാകുന്നുണ്ടെങ്കിലും സ്ഥാനാർത്ഥിയെന്ന നിലയിൽ സുരേഷ് ഗോപിക്ക് മണ്ഡലത്തിൽ നല്ല സ്വീകാര്യത ഉണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. 
രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന വോട്ടർമാർക്ക് ഇടയിലും സുരേഷ് ഗോപിക്ക് സ്വീകാര്യതയുണ്ട്. ഇതിനൊപ്പം രാഷ്ട്രീയ oകരുനീക്കങ്ങളും കൂടി ചേർന്നാൽ തൃശൂരിൽ വിജയം അപ്രാപ്യമല്ല എന്നാണ് ബി.ജെ.പി നേതൃത്വം കാണുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *