കൊച്ചി: ഗെയിം ഡെവലപര്‍ കോണ്‍ഫറന്‍സില്‍ ഇതാദ്യമായി ആരംഭിച്ച ഇന്ത്യന്‍ പവിലിയന്‍ സാന് ഫ്രാന്സിസ്കോ ഇന്ത്യന്‍ കോണ്‍സലേറ്റിലെ കോണ്‍സല്‍ ജനറല്‍ ഡോ. കെ ശ്രീകാര്‍ റെഡ്ഡിയും ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ രാകേഷ് അദ്ലാഖും യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ ഫോറം പ്രസിഡന്‍റും സിഇഒയുമായ ഡോ. മുകേഷ് ആഘിയും അടക്കമുള്ളവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിമിങ് സ്ഥാപനമായ വിന്‍സോ ഇന്ത്യ ഗെയിം ഡെവലപര്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്നാണ് പവലിയിന്‍ സ്ഥാപിച്ചത്. വിവിധങ്ങളായ ഗെയിമിങ് സംവിധാനങ്ങളുമായുള്ള ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനങ്ങളുടെ മുന്നേറ്റമാണ് ഈ പവിലിയന്‍ അവതരിപ്പിക്കുന്നത്.
ഗെയിമിങ് സംവിധാനങ്ങളിലെ ഇന്ത്യയുടെ സാങ്കേതികവിദ്യാ മുന്നേറ്റവും പുതുമകളും സാക്ഷ്യപ്പെടുത്തുന്നതാണ് കോണ്‍ഫറന്‍സിലെ ഇന്ത്യയുടെ പങ്കാളിത്തമെന്ന് വിന്‍സോ സഹസ്ഥാപകന്‍ പവന്‍ നന്ദ പറഞ്ഞു.
ഇന്ത്യാ-അമേരിക്കാ ബന്ധത്തിലെ നിര്‍ണായക നാഴികക്കല്ലാണ് ഇന്ത്യ പവിലിയന്‍റെ ഉദ്ഘാടനമെന്ന് ഡോ. മുകേഷ് ആഘി പറഞ്ഞു.