ഡല്‍ഹി: വ്യാജരേഖ ചമച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ മുന്‍ എസ്.ബി.ഐ. ജീവനക്കാര്‍ക്കെതിരെ സി.ബി.ഐ. കേസെടുത്തു. എസ്.ബി.ഐ. ഈറോഡ് നമ്പിയൂര്‍ ശാഖയിലെ ഡെപ്യൂട്ടി മാനേജര്‍ എം. കാര്‍ത്തിക് കുമാര്‍, മാനേജര്‍ എം. ശിവഹരി എന്നി ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സി.ബി.ഐ. കേസെടുത്തത്. ഇന്റണേല്‍ ഓഡിറ്റ് വകുപ്പാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.
രണ്ട് വ്യത്യസ്ത കേസുകളിലായി ഏഴ് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ഇവര്‍ നടത്തിയത്. വ്യാജരേഖകളുണ്ടാക്കി എക്‌സ്പ്രസ് ക്രെഡിറ്റ് ലോണുകളാണ് ഇവര്‍ നല്‍കിയത്. 2021-22 കാലയളവില്‍ 3.25 കോടി രൂപ മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗ്യതയില്ലാത്ത ആളുകള്‍ക്ക് വായ്പ അനുവദിച്ചതാണ് കേസ്.
വായ്പയെടുത്തവര്‍ സിബില്‍ സ്‌കോറുകളും സാലറി സ്ലിപ്പുകളും വ്യാജമായി നിര്‍മ്മിച്ചിതാണ്. ഇവരുടെ വായ്പാ അപേക്ഷകള്‍ മറ്റ് ബ്രാഞ്ചുകള്‍ നേരത്തെ നിരസിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാര്‍ത്തിക് കുമാറിന് പുറമെ ഭാര്യ രമ്യ, സഹോദരി നിത്യ, അമ്മ മല്ലിക ദേവി എന്നിവരെയും സി.ബി.ഐ. പ്രതികളാക്കിയിട്ടുണ്ട്
മറ്റൊരു കേസില്‍, 2021ല്‍ 28 എക്‌സ്പ്രസ് ക്രെഡിറ്റ് ലോണുകള്‍, 14 എസ്.എം.ഇ. ലോണുകള്‍ (ബിസിനസ്), 21 വിള വായ്പകള്‍, ഒരു പ്രധാനമന്ത്രിയുടെ തൊഴിലുറപ്പ് പദ്ധതി (പിജിഇഎംപി) എന്നിവയ്ക്ക് സബ്സിഡി അനുവദിച്ചതിന് അന്നത്തെ ഈറോഡിലെ അയ്യന്‍സാലൈ ബ്രാഞ്ച് മാനേജരായിരുന്ന അഭിജിത്ത് കുമാറിനെതിരെയാണ് കേസെടുത്തത്.
ബാങ്കിന്റെ 3.87 കോടി രൂപയാണ് വ്യാജരേഖ ചമച്ച് അഭിജിത്ത് കുമാറും സംഘവും ലോണെടുത്തതെന്നാണ് കണ്ടെത്തല്‍. വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസെടുത്ത് അന്വേഷണത്തിനായി എടുത്തത്.