ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാ‍ർഥിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചില്ലെന്ന പരാതിയിൽ അച്ചടക്ക നടപടി നേരിട്ട മുൻമന്ത്രിയും മുതി‍‍ർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ ലോക്‌സഭ തിരഞ്ഞെടുപ്പിൻെറ പ്രചരണത്തിൽ സജീവം. ലോക്‌സഭ സ്ഥാനാർത്ഥി എ.എം. ആരിഫിൻെറ പ്രചരണ പരിപാടികളിൽ ഊ‍‌‍‍ർജസ്വലനായി പങ്കെടുത്ത് വരുന്ന ജി. സുധാകരൻ രണ്ട് നിയമസഭാ മണ്ഡലം കൺവൻഷനുകളുടെ ഉദ്ഘാടകനുമായിരുന്നു. ഹരിപ്പാട്, ആലപ്പുഴ നിയമസഭാ മണ്ഡലം കൺവൻഷനുകളാണ് സുധാകരൻ ഉദ്ഘാടനം ചെയ്തത്. ആരിഫിൻെറ പ്രചരണത്തിന് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാമെന്ന് പാ‍ർട്ടി നേതൃത്വത്തെ അറിയിച്ച സുധാകരൻ മുപ്പത് ദിവസത്തെ പരിപാടികൾ ക്രമീകരിച്ച് നൽകാൻ ജില്ലാനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ജില്ലയിലെ പാർട്ടിയിലും പൊതു സമൂഹത്തിലും ഇപ്പോഴും നി‍ർണായക സ്വാധീനമുളള ജി. സുധാകരൻ സജീവമായി പ്രചരണത്തിനിറങ്ങിയത് എ.എം. ആരിഫിന് ഗുണകരമാണ്. എ.എം.ആരിഫിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ജില്ലയിലെ പാർട്ടി നേതൃത്വത്തിൽ ഒരു വിഭാഗത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. ആരിഫിന് പകരം തോമസ് ഐസക്കിനെ മത്സരിപ്പിക്കാനായിരുന്നു അവരുടെ താൽപര്യം. പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിനുളള എതിർപ്പ് ആരിഫിൻെറ സാധ്യതകളെ ബാധിക്കുമോയെന്ന ആശങ്കകൾക്കിടെ സുധാകരൻെറ സജീവ സാന്നിധ്യം സ്ഥാനാ‍ർത്ഥിക്ക് ആത്മവിശ്വാസം നൽകുന്നതാണ്.

 തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തന്ത്രങ്ങൾ മെനയുന്നതിലും സംഘടനാ സംവിധാനം ചലിപ്പിക്കുന്നതിലും ജി. സുധാകരന് അസാധാരണ മികവുണ്ട്. ഈ മികവ് കൂടി ഉപയോഗപ്പെടുത്താനായാൽ എ.എം. ആരിഫിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകും.

2004ൽ മാവേലിക്കര മണ്ഡലത്തിൽ രമേശ് ചെന്നിത്തലയെ അട്ടിമറിച്ച് സി.പി.എമ്മിലെ സി.എസ്.സുജാത അപ്രതീക്ഷിത ജയം നേടിയപ്പോൾ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത് ജി.സുധാകരനായിരുന്നു.
കെ.സി.വേണുഗോപാലിൻെറ സ്ഥാനാ‍ർത്ഥിത്വത്തോടെ മത്സരം മുറുകിയ ആലപ്പുഴയിൽ സുധാകരൻെറ പരിചയസമ്പത്ത് സി.പി.എമ്മിന് മുതൽക്കൂട്ടാകും. 75 വയസ് പ്രായപരിധി മാനദണ്ഡത്തെ തുടർന്ന് പാർട്ടിയുടെ നേതൃസമിതികളിൽ നിന്ന് ഒഴിവാക്കപ്പെട്ട ജി. സുധാകരൻ ഇപ്പോൾ ആലപ്പുഴ ജില്ലാകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് മാത്രമാണ്. പാർട്ടി നേതൃ പദവികളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ജില്ലയിലെ പാ‍ർട്ടിയിലെ അവിഭാജ്യ ഘടകമാണ് സുധാകരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ നടപടി നേരിട്ട അനുഭവമുളളതിനാൽ ഇത്തവണ വീടിന് മുന്നിൽ സ്വന്തം ചെലവിൽ ഇടത് സ്ഥാനാർഥി എ.എം. ആരിഫിൻെറ വലിയ ഫ്ളക്സ് സ്ഥാപിച്ചിട്ടുണ്ട്.
പഴയ നടപടിയുടെ ഓ‍ർമ്മയിലാണ് തന്നെ പരസ്യമായി വിമ‍ർശിക്കുകയും എതി‍ർപക്ഷത്ത് നിൽക്കുകയും ചെയ്ത എ.എം. ആരിഫിന് വേണ്ടി  ഇത്തവണ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. പഴയ കാര്യങ്ങളിൽ ആരിഫിനോട് നീരസം ഉണ്ടായിരുന്നെങ്കിലും സ്ഥാനാർത്ഥിയായി അനുഗ്രഹം വാങ്ങാനെത്തിയതോടെ മഞ്ഞ് ഉരുകി. എ.എം.ആരിഫ്  മുതിർന്ന നേതാവായ ജി.സുധാകരൻെറ കാൽതൊട്ട് വന്ദിക്കുന്ന ചിത്രം മാധ്യമങ്ങളിൽ വന്നിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി പ്രവ‍ർത്തിച്ചിട്ടും അമ്പലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാ‍ർത്ഥി എച്ച്. സലാമിനെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നതായിരുന്നു ജി.സുധാകരൻ നേരിട്ട ആക്ഷേപം. മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ച എച്ച്. സലാമിൻെറ പരാതിയെ തുടർന്ന് അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിൻെറ നേതൃത്വത്തിലുളള കമ്മീഷൻ ആലപ്പുഴയിൽ എത്തി തെളിവെടുത്ത ശേഷമാണ് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട്‌ സമർ‌പ്പിച്ചത്. 
അമ്പലപ്പുഴ സീറ്റിൽ വീണ്ടും മത്സരിക്കാൻ ആഗ്രഹിച്ച ജി. സുധാകരൻ സീറ്റ് നിഷേധിക്കപ്പെട്ട നിരാശയിൽ വേണ്ടത്ര സജീവമായി പങ്കെടുത്തില്ല എന്നായിരുന്നു എളമരം കമ്മീഷൻെറ റിപ്പോർട്ടിലെ കണ്ടെത്തൽ. കമ്മീഷൻ കുറ്റക്കാരനെന്ന് വിധിച്ചതോടെ സംസ്ഥാന കമ്മിറ്റി ജി. സുധാകരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. സുധാകരനെ താക്കീത് ചെയ്യാനായിരുന്നു സംസ്ഥാന കമ്മിറ്റി തീരുമാനം. പാർട്ടിയുടെ അച്ചടക്ക നടപടികളിൽ ഏറ്റവും ലഘുവായ നടപടിയോട് പൊരുത്തപ്പെട്ട സുധാകരൻ പ്രായപരിധി മാനദണ്ഡം നടപ്പാക്കിയ എറണാകുളം സംസ്ഥാന സമ്മേളനത്തോടെയാണ് സി.പി.എമ്മിൻെറ നേതൃസമിതികളിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.                                                                                 

By admin

Leave a Reply

Your email address will not be published. Required fields are marked *