തിരുവനന്തപുരം: ബി.ജെ.പി വിരുദ്ധതയും അവരുടെ വർഗീയ നയങ്ങളോടുള്ള എതിർപ്പും പറയാനും പ്രസംഗിക്കാനും മാത്രമുള്ളതാണോ? ബി.ജെ.പിയുടെ കൂട്ടാളികളായി മത്സരിക്കുന്ന പാർട്ടികളെയും പേറി നടക്കുന്ന കേരളത്തിലെ ഇടതു മുന്നണിയുടെ അവസ്ഥ കണ്ടാൽ ആരെങ്കിലും അങ്ങനെ കരുതിയാൽ അവരെ തെറ്റ് പറയാനാവില്ല. എൻ.ഡി.എ സഖ്യത്തിൻ്റെ ഭാഗമായി കർണാടകയിൽ 3 ലോക്സഭാ സീറ്റുകളിലാണ് ജനതാദൾ എസ് മത്സരിക്കുന്നത്. അതുകൂടാതെ ജനതാദൾ എസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ മരുമകൻ ഡോക്ടർ മഞ്ജു നാഥ് ബി.ജെ.പി സ്ഥാനാർഥി ആയിത്തന്നെ മത്സരിക്കുന്നു. ഇത്രയുമൊക്കെ പ്രകടമായി മുന്നിൽ വന്നിട്ടും ജനതാദൾ എസ് സംസ്ഥാന ഘടകം ഇപ്പോഴും കേരളത്തിൽ ഇടത് മുന്നണിയുടെ സഖ്യകക്ഷിയാണ്.
ഇതേപ്പറ്റി ചോദിക്കുമ്പോൾ എല്ലാം ദേശീയ നേതൃത്വവുമായുള്ള ബന്ധമെല്ലാം വിഛേദിച്ചു എന്ന വായ്ത്താരിയാണ് ജനതാദൾ എസ്. സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് എം.എൽ.എയും മന്ത്രി കെ. കൃഷ്ണൻകുട്ടിയും നൽകുക. എന്നാൽ ബന്ധം ഉപേക്ഷിച്ചു എന്ന് പറയുമ്പോഴും കേരളത്തിലെ ജനതാദൾ എസ് ഘടകം സാങ്കേതികമായി ഇപ്പോഴും ദേശീയ ഘടകത്തിന്റെ കീഴിലാണ്. മാത്രമല്ല ജനതാദൾ ദേശിയ ഘടകവും അധ്യക്ഷനും നൽകിയ പദവികളൊന്നും മാത്യു. ടി. തോമസും കെ . കൃഷ്ണൻകുട്ടിയും രാജി വെച്ചിട്ടുമില്ല.
ഈ വസ്തുത മറച്ചുവെച്ചാണ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്ന് പറഞ്ഞു നടക്കുന്നത്. ഈ പ്രശ്നം ഉയർത്തിയാണ് ജനതാദൾ എസ് സംസ്ഥാന ഘടകത്തിലെ മുതിർന്ന നേതാക്കളായ സി.കെ. നാണുവും ഡോ. എ. നീലലോഹിത ദാസും സ്വതന്ത്ര നിലപാട് സ്വീകരിച്ച് പാർട്ടി വിട്ടത്.
സി.കെ. നാണു ദേവെഗൗഡക്ക് എതിരായി കൂട്ടായ്മ ഉണ്ടാക്കി പ്രവർത്തിക്കുമ്പോൾ നീലൻ ആർ.ജെ.ഡിയിൽ ലയിച്ചു. രാഷ്ട്രീയ എതിരാളികൾ ആരെങ്കിലും ബി.ജെ.പിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരെ നിശിതമായി വിമർശിച്ച് ആക്രമിക്കുന്ന ശൈലി പിന്തുടരുന്ന സി.പി.എം ഇക്കാര്യത്തിൽ പുലർത്തുന്ന മൗനമാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന ജനതാദൾ എസ് സംസ്ഥാന ഘടകത്തിന്റെ വാദത്തിൻ്റെ പൊള്ളത്തരം മനസിലാക്കാൻ കഴിയാഞ്ഞിട്ടല്ല ഒന്നും മിണ്ടാതിരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും വാ പൂട്ടി ഇരിക്കുമ്പോൾ അതിനെ കുറ്റകരമായ മൗനം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല.
കൊല്ലത്തെ എം.പിയും ആർ.എസ്.പി നേതാവുമായ എൻ.കെ. പ്രേമചന്ദ്രൻ പാർലമെൻ്റ് കാൻ്റീനിൽ പ്രധാനമന്ത്രിക്ക് ഒപ്പം ഭക്ഷണം കഴിച്ചതിൻ്റെ പേരിൽ പോലും ഹാലിളക്കിയ സി.പി.എം നേതൃത്വമാണ് മുന്നണിയിലെ ഒരു ഘടകകക്ഷി ബി.ജെ.പി സഖ്യത്തിലായിട്ടും മിണ്ടാതിരിക്കുന്നത് എന്ന് തിരിച്ചറിയുമ്പോഴാണ് സി.പി.എം നിലപാടിലെ കള്ളി വെളിച്ചത്താകുന്നത്. മാത്യു ടി തോമസിൻ്റെയും കെ. കൃഷ്ണൻകുട്ടിയുടെയും എം.എൽഎ സ്ഥാനം സംരക്ഷിക്കാനാണ് ജനതാദൾ എസ് സംസ്ഥാന ഘടകം ബി.ജെ.പി സഖ്യത്തിലുള്ള ദേശീയ നേതൃത്വത്തെ പിണക്കി പുതിയ പാർട്ടി രൂപീകരണം ഉൾപ്പെടെ സ്വതന്ത്ര നിലപാട് സ്വീകരിക്കാതിരിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടി സ്ഥാനാർഥിയായി നിർദ്ദേശിച്ച് കൊണ്ട് ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത് എച്ച്.ഡി. ദേവെഗൗഡയാണ്. പുതിയ പാർട്ടി രൂപീകരിക്കുന്നത് അടക്കമുള്ള സ്വതന്ത്ര നിലപാട് സ്വീകരിച്ചാൽ ദേവെഗൗഡ ഇടയുമെന്നാണ് സംസ്ഥാന ഘടകത്തിൻ്റെ ആശങ്ക. പ്രകോപിതനായി ദേവെഗൗഡ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാൻ തുടങ്ങിയാൽ മാത്യു ടി തോമസിൻ്റെയും കെ.കൃഷ്ണൻകുട്ടിയുടെയും എം.എൽ.എ സ്ഥാനത്തിന് ഭീഷണിയാകും. ഈ അപകടം ഭയന്നാണ് ഫാസിസ്റ്റ് വിരുദ്ധ – വർഗീയ വിരുദ്ധ രാഷ്ട്രീയ നിലപാടിൽ വിട്ടുവീഴ്ച ചെയ്ത് ബി.ജെ.പി പാളയത്തിലുളള ദേവെഗൗഡ ക്ക് കീഴിലുള്ള നേതൃത്വത്തിന് കീഴിൽ മുന്നോട്ടു പോകുന്നത്. പുറത്ത് ബിജെപി വിരുദ്ധ വായ്ത്താരി മുഴക്കുന്ന സി.പി.എം മൗനം പാലിക്കുന്നതും ഇതുകൊണ്ട് തന്നെ.
ഇടത് മുന്നണിയിലെ ഘടകകക്ഷികളിൽ ജനതാദൾ എസ് മാത്രമല്ല കേരളത്തിന് പുറത്ത് ബി.ജെ.പി സഖ്യത്തിലുളളത്. അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിലെ അംഗീകൃത വിഭാഗം മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യകക്ഷിയാണ്. മന്ത്രി സ്ഥാനം അടക്കമുള്ള കാര്യങ്ങളിൽ ഭിന്നിപ്പ് ഉണ്ടെങ്കിലും കേരളത്തിലെ എൻ.സി.പി നേതൃത്വം ശരദ് പവാറിന് ഒപ്പമാണ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം അജിത് പവാർ വിഭാഗത്തിനാണ് . ഈ കാര്യത്തിലും സി.പി.എം മിണ്ടാട്ടം മുട്ടി നിൽക്കുകയാണ്.