ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റു ചെയ്തതിന് പിന്നാലെ സത്യം ജയിച്ചെന്ന് പ്രതികരിച്ച് ബിജെപി. കെജ്‌രിവാളിന്റെ പാപത്തിന്റെ ഫലം അദ്ദേഹം അനുഭവിക്കണമെന്നും ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ് പറഞ്ഞു. ബിജെപി കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടു.
ഭയചകിതനായ ഏകാധിപതി മൃതമായ ജനാധിപത്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. ജനാധിപത്യ തത്വങ്ങളോടുള്ള ഈ വഞ്ചനക്കെതിരെ സ്വമേധയാ കേസെടുക്കാൻ സുപ്രീം കോടതിയോട് അഭ്യർത്ഥിക്കുന്നുവെന്ന് തരൂർ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നതെന്നും പിണറായി വിമര്‍ശിച്ചു.
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ തിരുവനന്തപുരത്ത് സിപിഎം പ്രതിഷേധിച്ചു. പാര്‍ട്ടി പിബി അംഗം എംഎ ബേബിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് വരെ നീണ്ടു.