ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖനാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, എംപിയായിരുന്ന സഞ്ജയ് സിങ്, ബിആര്‍എസ് നേതാവും തെലങ്കാന മുന്‍മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകളുമായ കെ. കവിത എന്നിവരാണ് ഇതിനു മുമ്പ് അറസ്റ്റിലായവര്‍.
ഡൽഹി മദ്യനയ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ 15 പേരെയാണ് സിബിഐ പ്രതികളാക്കിയിരുന്നത്. മനീഷ് സിസോദിയ ആയിരുന്നു ആദ്യ പ്രതി.
ഒമ്പതു തവണയാണ് ഇഡിയുടെ സമന്‍സിനെ കെജ്‌രിവാള്‍ നിരാകരിച്ചത്. ഒടുവില്‍ ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി കെജ്‌രിവാളിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
കെജ്‌രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയമായി ഏറ്റെടുത്ത് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരാജയ ഭീതിയില്‍ ഫാസിസ്റ്റ് ബിജെപി സർക്കാർ ഹേമന്ത് സോറനെ അറസ്റ്റു ചെയ്തതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെയും അറസ്റ്റു ചെയ്‌തെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍ ആരോപിച്ചു.
ഒരു ബി.ജെ.പി നേതാവ് പോലും പരിശോധനയോ അറസ്റ്റോ നേരിടുന്നില്ല. ഈ സ്വേച്ഛാധിപത്യം ജനരോഷം ആളിക്കത്തിക്കുന്നു, ബിജെപിയുടെ യഥാർത്ഥ നിറം അനാവരണം ചെയ്യുന്നു. എന്നാൽ അവരുടെ വ്യർത്ഥമായ അറസ്റ്റുകൾ തങ്ങളുടെ ദൃഢനിശ്ചയത്തെ ഊട്ടിയുറപ്പിക്കുകയേയുള്ളൂവെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.
കെജ്രിവാളിന്റെ അറസ്റ്റിനെ അപലപിക്കുന്നുവെന്ന് സിപിഎം പ്രതികരിച്ചു. പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷവും കേന്ദ്ര ഏജൻസികൾ പരസ്യമായി ബിജെപിയുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ്. ഇത്തരം ഗൂഢനീക്കങ്ങളെ ജനങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നത് ഉറപ്പാണെന്നും സിപിഎം പ്രതികരിച്ചു.
മോദിയുടെ ഫാസിസത്തിനെതിരെ കോണ്‍ഗ്രസിന്റെ മുന്നണിയില്‍ ചേര്‍ന്നതില്‍ പേരില്‍ കെജ്‌രിവാളിനെ അറസ്റ്റു ചെയ്‌തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.