ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റു ചെയ്‌തെങ്കിലും അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് എഎപി നേതാക്കള്‍. കെജ്‌രിവാള്‍ ജയിലില്‍ കിടന്ന് ഡല്‍ഹി ഭരിക്കുമെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു.
കെജ്‌രിവാളിന്റെ അറസ്റ്റിനു പിന്നാലെ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കെജ്‌രിവാളിനെ നാളെ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യാൻ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. കെജ്‌രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. ഇഡി ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, കെജ്‌രിവാളിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പിൻ്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ രീതിയിൽ ലക്ഷ്യമിടുന്നത് തികച്ചും തെറ്റും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ ഇങ്ങനെ തരംതാഴുന്നത് പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാരിനോ ഉചിതമല്ലെന്നും അവര്‍ പറഞ്ഞു.
“പൊതു തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് സിറ്റിംഗ് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തു. സമ്പൂർണ ഫാസിസം. ‘നിയമം’ ആയുധമാക്കി. നമ്മൾ ജനങ്ങൾ നമ്മുടെ രാജ്യത്തെ രക്ഷിക്കുമോ?” കാർത്തി ചിന്ദംബരം ട്വീറ്റ് ചെയ്തു. ആസൂത്രിതമായ നീക്കമെന്നായിരുന്നു എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെ പ്രതികരണം. ജാർഖണ്ഡ് മുക്തി മോർച്ച ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും കെജ്‌രിവാളിനെ പിന്തുണച്ച് രംഗത്തെത്തി.