തിരുവനന്തപുരം: രാജാജി നഗർ കോളനിയിൽ വോട്ടർമാരെ കാണാനെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു മുന്നിൽ പരാതികളുടെ കെട്ടഴിച്ച് പ്രദേശവാസികൾ. വിവിധ സർക്കാർ പദ്ധതികളുണ്ടായിട്ടും തങ്ങൾക്ക് പ്രയോജനം ലഭിച്ചില്ലെന്നും മിക്കവർക്കും നല്ല വീടില്ലെന്നുമായിരുന്നു അവരുടെ മുഖ്യ പരാതി. ഈ തിരഞ്ഞെടുപ്പോടെ തിരുവനന്തപുരത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നും പരാതികളെല്ലാം പരിഹരിക്കപ്പെടുമെന്നും രാജീവ് ചന്ദ്രശേഖർ അവരെ ആശ്വസിപ്പിച്ചു.
വോട്ടർമാരുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു. മഴക്കാലമായാൽ കോളനി നിവാസികൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് മാലിന്യ നിർമാർജ്ജനം. മലിന ജലം വീട്ടിലേക്ക് ഒഴുകി വരുന്ന സാഹചര്യത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അവർ ആവശ്യപ്പെട്ടു. വയോധികരായ കോളനി നിവാസികൾക്ക് ചികിത്സയും സഹായവും വേണം. ഓരോരുത്തരുടെയും പ്രശ്നങ്ങൾ ശ്രദ്ധയോടെ കേട്ട സ്ഥാനാർഥി ഇതിനൊക്കെ പരിഹാരം കാണുമെന്നും ജീവിതാവസ്ഥക്ക് തീർച്ചയായും മാറ്റമുണ്ടാക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പു നൽകി.