തിരുവനന്തപുരം: ചന്ദ്രയാൻ അടക്കം നിരവധി ബഹിരാകാശ ദൗത്യങ്ങളിലൂടെ രാജ്യത്തിന്റെ അന്തസ് വാനോളമുയർത്തിയ ഐ.എസ്.ആർ.ഒയോടുള്ള ബഹുമാനാർത്ഥം പുതുതായി കണ്ടെത്തിയ ആഴക്കടൽ പരാദ ജീവിക്ക് ‘ബ്രൂസ്‌തോവ ഇസ്റോ’ എന്ന് പേരിട്ടു. കേരളത്തിന്റെ ആഴക്കടൽ മേഖലയിൽ മത്സ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ക്രസ്റ്റേഷ്യൻ ജീവികളുടെ ഗണത്തിൽപ്പെട്ട ജീവിയാണിത്. ഇസ്രോയുടെ പേരിലുള്ള ജീവിയെക്കുറിച്ച് ഇനി ലോകമെങ്ങുമുള്ള ഗവേഷകർ പഠനം നടത്തും.
ജപ്പാനിലെ ഹിരോഷിമ സർവകലാശാലയിലെ അസി. പ്രൊഫസറും കേരള സർവകലാശാല മുൻ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയും ആയിരുന്ന ഡോ.അനീഷ് പി.റ്റി., കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറി സയന്റിഫിക് ഓഫീസർ ഡോ.ഹെൽന എ.കെ., കേരള സർവകലാശാലാ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ. എ.ബിജു കുമാർ എന്നിവർ ചേർന്നാണ് പുതിയ പരാദ ജീവിയെ ശാസ്ത്രലോകത്തിനു പരിചയപെടുത്തിയത്.
2020ൽ ഇതേ സംഘം ഇന്ത്യയിൽ നിന്ന് പുതുതായി കണ്ടെത്തിയ ‘ബ്രൂസ്‌തോവ ‘ എന്ന ജനുസിലാണ് പുതിയ ജീവിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് ‘ബ്രൂസ്‌തോവ ഇസ്റോ’ എന്ന പേരിട്ടത്. ഗവേഷണത്തിന്റെ വിവരങ്ങൾ ജീവികളുടെ വർഗ്ഗീകരണ ശാസ്ത്രത്തിലെ പ്രമുഖ അന്താരാഷ്ട്ര ഗവേഷണ ജേണലായ ‘സിസ്റ്റമാറ്റിക് പാരസൈറ്റോളജി ‘യുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ഈ ഗവേഷക സംഘം മുപ്പതിലേറെ കടൽ ജീവികളെ കണ്ടെത്തിയിട്ടുണ്ട്. ആറ് പുതിയ ജനുസുകളും ഇക്കൂട്ടത്തിലുണ്ട്.
ആഴക്കടൽ പരാദ ജീവികളുടെ ഗവേഷണത്തിൽ വലിയ പങ്കുവഹിക്കുന്നത് കേരള സർവകലാശായുടെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പാണ്. ഇവയുടെ ജീവിതരീതി, പ്രത്യുത്പാദനം, ജീവിതചക്രം, ശരീരവളർച്ച, ആതിഥേയ ജീവിയെക്കുറിച്ചുള്ള പഠനം എന്നിവയെല്ലാം ലോകമെങ്ങും ഗവേഷകർക്കിടയിൽ ചർച്ചയാവുന്നതാണ്. ഇന്ത്യയിൽ ഇത്തരം പഠനം നടത്തുന്ന സ്ഥാപനങ്ങൾ വളരെ കുറവാണെന്ന് ഗവേഷകർ പറയുന്നു.