തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം 40ദിവസത്തോളം നീളുന്നതോടെ, പ്രചാരണം ആവേശക്കൊടുമുടിയിലാക്കാൻ പണമൊഴുക്കുകയാണ് രാഷ്ട്രീയപാർട്ടികൾ. കേരളത്തിലേക്ക് കോടാനുകോടികളുടെ കള്ളപ്പണം ഒഴുകിയെത്തുമെന്ന വിവരത്തെ തുടർന്ന് പോലീസും കേന്ദ്ര ഏജൻസികളുമെല്ലാം അതീവ ജാഗ്രതയിലാണ്. മുൻപ് ബിജെപിക്കായി കള്ളപ്പണം കൊണ്ടുവന്ന കൊടകര കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
പ്രചാരണം കൊഴുപ്പിക്കാൻ വൻതോതിൽ പണം വേണ്ടിവരുന്നതോടെയാണ് പ്രമുഖ രാഷ്ട്രീയ കക്ഷികൾ കോടാനുകോടികൾ കേരളത്തിലേക്ക് ഒഴുക്കുന്നത്. കള്ളപ്പണമായതിനാൽ രഹസ്യ മാർഗത്തിലൂടെ വേണം കൊണ്ടുവരാൻ. കള്ളപ്പണം പിടികൂടാൻ അരയും തലയും മുറുക്കി പോലീസ് രംഗത്തുണ്ട്.
ദേശീയ ഹൈവേകളിലടക്കം പട്രോളിംഗ് ശക്തമാക്കി കള്ളപ്പണം പിടിക്കാൻ വലവിരിച്ചിരിക്കുകയാണ് പോലീസ്. ഇതിനു പുറമേ നിരീക്ഷണക്കണ്ണുമായി കേന്ദ്ര ഏജൻസികളും രംഗത്തുണ്ട്. മുൻ വർഷങ്ങളെക്കാൾ ജാഗത്രയൊരുക്കിയാണ് ഏജൻസികളെല്ലാം രംഗത്തുള്ളത്. കണക്കില്ലാത്തതും സംശയകരവുമായ പണം പിടികൂടും. രേഖകൾ ഹാജരാക്കിയാൽ ഇവ വിട്ടുനൽകും.
കള്ളപ്പണത്തിന് പുറമെ സംശയകരമായ ബാങ്ക് ഇടപാടുകളും പോലീസും കേന്ദ്രഏജൻസികളും നിരീക്ഷിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടർമാരെ സ്വാധീനിക്കാനുമുള്ള പണമാണെന്ന് കണ്ടെത്തിയാൽ ഇത് മരവിപ്പിക്കും. ആദായനികുതി വകുപ്പ്, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ഏജൻസികളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം രംഗത്തിറങ്ങിയത്.
കള്ളപ്പണം, ഹവാലപ്പണം, രേഖകളില്ലാതെ കൊണ്ടുപോകുന്ന പണം, പതിവിൽക്കവിഞ്ഞ ബാങ്കിടപാടുകൾ തുടങ്ങിയവ സസൂക്ഷ്‌മം നിരീക്ഷിക്കും. പൊതു, ഷെഡ്യൂൾഡ്, സ്വകാര്യ ബാങ്കുകളിലെ ഇടപാടുകൾ പരിശോധിക്കാനും സംവിധാനം ഒരുക്കി. വലിയ തുകകളുടെ ഇടപാടുകൾ സംബന്ധിച്ച പ്രതിദിന റിപ്പോർട്ടുകൾ നൽകാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും ലക്ഷദ്വീപിലും ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് നിരീക്ഷണ, പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തി. അന്വേഷണ വിഭാഗത്തിന്ലെ പുറമെ പ്രിൻസിപ്പൽ കമ്മിഷണർ നിയോഗിച്ചതുൾപ്പെടെ നൂറുപേർ സംഘത്തിലുണ്ട്.
കൊച്ചിയിലെ കൺട്രോൾ റൂമിന് പുറമെ മുഴുവൻ ജില്ലകളിലും സ്‌ക്വാഡുകൾ രൂപീകരിച്ചു. വിവരങ്ങൾ ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗവും രൂപീകരിച്ചു. അഡീഷണൽ ഡയറക്ടർ ആർ. രാജേഷിനെ നോഡൽ ഓഫീസറായും ചുമതലപ്പെടുത്തി.
പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാനും സൗകര്യം ഒരുക്കി. വിമാനത്താവളങ്ങൾ വഴി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പണവും സ്വർണവും കടത്തുന്നത് തടയാൻ കസ്റ്റംസ് തീവ്രശ്രമം തുടങ്ങി. ഇതിനായി പ്രത്യേക ഇന്റലിജൻസ് യൂണിറ്റുകളെ ചുമതലപ്പെടുത്തി.
ബാങ്കിടപാടുകൾക്ക് പുറമെ ഡിജിറ്റൽ ഇടപാടുകൾ ഇ.ഡി നിരീക്ഷിക്കും. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൈമാറിയതെന്ന് സംശയിക്കുന്ന അക്കൗണ്ടുകളിലെ ഉൾപ്പെടെ ഇടപാടുകൾ പരിശോധിക്കും. പാർട്ടികൾ, നേതാക്കൾ, സ്ഥാനാർത്ഥികൾ തുടങ്ങിയവരുടെ വരവു ചെലവുകളും നിരീക്ഷിക്കും. കണക്കിൽപ്പെടാത്തതെന്നോ ഹവാല ഇടപാടെന്നോ കണ്ടെത്തിയാൽ കൈമാറിയവർക്കും സ്വീകരിച്ചവർക്കുമെതിരെ നടപടി സ്വീകരിക്കും. പിടിച്ചെടുക്കുന്ന തുക കണ്ടുകെട്ടും.