കോഴിക്കോട്: പേരാമ്പ്രയില്‍ പതിനായിരങ്ങളെ അണിനിരത്തി എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ റോഡ് ഷോ. ഇന്ത്യാ മുന്നണിയുടെ സര്‍ക്കാരില്‍ ഇടതുപക്ഷ എം.പിമാരുടെ സാന്നിധ്യം വേണമെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നതെന്നും രാജ്യത്തെ സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന് എതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാകും തെരഞ്ഞെടുപ്പെന്നും കെ.കെ. ശൈലജ പറഞ്ഞു.
റോഡ് ഷോയില്‍ ടി.പി. രാമകൃഷ്ണന് എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ എ.കെ. പത്മനാഭന്, എ.കെ. രാധ, കെ. കുഞ്ഞമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. നിപ്പയെ തുരത്തിയ പോലെ, പ്രളയത്തെയും കോവിഡിനെയും അതിജീവിച്ച പോലെ ഏതു കെട്ട കാലത്തെയും കരുത്തോടെ നേരിടാന്‍ എന്നും കൂടെയുണ്ടാകുമെന്ന് ശൈലജ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് പേരാമ്പ്ര റെസ്റ്റ് ഹൌസ് പരിസരത്ത് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാന്‍ഡിലാണ് സമാപിച്ചത്. തുറന്ന വാഹനത്തിലെത്തിയ ശൈലജ ടീച്ചര്‍ക്ക് ചുറ്റും പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകകളുമായി അണിനിരന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സര്‍പ്രൈസുകള്‍ നിറഞ്ഞ മണ്ഡലമാണ് വടകര. പാലക്കാട് എം.എല്‍.എയുമായ ഷാഫി പറമ്പിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്ന് വടകരയിലാണ് നടക്കുന്നത്.