തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശികളായ കിഷന്‍ലാല്‍ (27), സാന്‍വര്‍ ലാല്‍ (26) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ താണ്ടോടി തസ്‌കര ഗ്രാമത്തില്‍ നിന്നാണ് ആറ്റിങ്ങല്‍ പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ നാളെ കേരളത്തിലെത്തിക്കും. 
മാര്‍ച്ച് ഏഴിന് ആറ്റിങ്ങലില്‍ ദന്തല്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 50 പവനും 4.5 ലക്ഷം രൂപയും പ്രതികള്‍ കവരുകയായിരുന്നു. അജിമീറില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഉള്‍ഗ്രാമം. ദുര്‍ഘട പാതയിലൂടെ സഞ്ചരിച്ചാലാണ് തസ്‌കര ഗ്രാമമായ താണ്ടോടിയിലെ കെയ്രോട്ടിലെത്തുക. 
ആറ്റിങ്ങല്‍ എസ്.ഐ ആദര്‍ശ്, റൂറല്‍ ഡാന്‍സാഫ് എസ്.ഐ ബിജുകുമാര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് ദുര്‍ഘടപാത താണ്ടി ഗ്രാമത്തിലെത്തിയത്. മോഷണശേഷം ലഭിച്ച സി.സി.ടിവി കേന്ദ്രീകരിച്ചായിരുന്നു പ്രതികളിലേക്കെത്തിയത്. പോലീസ് ആദ്യം പ്രതികളുടെ താമസസ്ഥലം മനസിലാക്കി. ശേഷം സാഹസികമായി കിഷന്‍ ലാലിനെ കസ്റ്റഡിയിലെടുത്തു. 
കിഷന്‍ ലാല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സാന്‍വര്‍ ലാലിനെ തൊട്ടടുത്ത ജെട്പുര ഗ്രാമത്തില്‍ നിന്നും പിടികൂടി. അതിവിദഗ്ധമായി കവര്‍ച്ച നടത്തുന്ന സംഘത്തിലുള്ളവരാണ് പ്രതികള്‍. 
ഉത്സവപ്പറമ്പുകളിലും റോഡുകളിലും കളിപ്പാട്ടങ്ങള്‍, തുണികളും വില്‍ക്കാനെന്ന വ്യാജേനയാണ് ഇവര്‍ കേരളത്തില്‍ അലഞ്ഞുതിരിയുന്നത്. സ്ത്രീകളും കുട്ടികളുമായി എത്തുന്ന ഇത്തരത്തിലുള്ള സംഘങ്ങള്‍ റോഡരുകില്‍ ടെന്റ് അടിച്ചാണ് താമസം. തുടര്‍ന്ന് ആളൊഴിഞ്ഞ വീടുകള്‍ നോക്കി മനസിലാക്കിയാണ് കവര്‍ച്ച നടത്തുന്നത്. മോഷണ വസ്തുക്കള്‍ നിസാര വിലയ്ക്ക് മറ്റുള്ളവര്‍ക്ക് വില്‍ക്കുന്നതാണ് പതിവ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *