തിരുവനന്തപുരം ∙ അരുവിക്കരയിൽ നിന്ന് നഗരത്തിലേക്ക് ശുദ്ധജലവിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ചത് രാത്രി വൈകി. പുലർച്ചെയോടെ പമ്പിങ് തുടങ്ങിയെങ്കിലും നഗരത്തിൽ പലയിടത്തും വെള്ളം എത്തിയിട്ടില്ല. ഇന്നു രാത്രിയോടെ മാത്രമേ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തുകയുള്ളൂവെന്ന് ജലഅതോറിറ്റി അറിയിച്ചു.
ഇതോടെ തുടർച്ചയായി മൂന്നാം ദിവസവും നഗരത്തിന്റെ പല ഭാഗത്തും ജലവിതരണം മുടങ്ങുമെന്ന് ഉറപ്പായി. ഇന്നലെ രാത്രി 10 മണിയോടെ പണികൾ പൂർത്തിയാക്കി പമ്പിങ് തുടങ്ങുമെന്നാണ് ജലഅതോറിറ്റി അറിയിച്ചതെങ്കിലും പണികൾ തീരാൻ വൈകി. മുട്ടട ടെക്നിക്കൽ സ്കൂളിനു മുന്നിലും, തട്ടിനകം പാലത്തിനു സമീപവുമാണ് 900 എംഎം പിഎസ്‍സി പൈപ്പിൽ ചോർച്ച കണ്ടെത്തിയത്.
രണ്ടിടങ്ങളിലും പൈപ്പുകൾ മുറിച്ചു മാറ്റി പുതിയത് ഘടിപ്പിക്കുന്ന ജോലികളാണ് നടന്നത്. മുട്ടടയിലെ ജോലികൾ ഉച്ചയോടെ പൂർത്തിയായിരുന്നെങ്കിലും തട്ടിനകം പാലത്തിനു സമീപത്തെ ജോലികൾക്കാണ് കാലതാമസമുണ്ടായത്. അറ്റകുറ്റപ്പണിയുടെ പേരിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴം മുതൽ ജലവിതരണം പൂർണമായി നിർത്തി വച്ചിരുന്നു.
പേരൂർക്കട, അമ്പലമുക്ക്, ഊളമ്പാറ, ജവാഹർ നഗർ, വെള്ളയമ്പലം, മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, കവടിയാർ, കുറവൻകോണം, നന്തൻകോട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കൽ കോളജ്, കുമാരപുരം, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർകോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ സ്ഥലങ്ങളിലാണ് ജലവിതരണം മുടങ്ങിയത്.
ഈ സ്ഥലങ്ങളിൽ ഇന്നും ജലവിതരണം മുടങ്ങാൻ സാധ്യതയുണ്ടെന്നും ജലഅതോറിറ്റി സൂചിപ്പിച്ചു. വെള്ളം കിട്ടാതെ ജനം വലയുന്ന കാഴ്ചയാണ്. ടാങ്കുകളിൽ സംഭരിച്ച വെള്ളം തീർന്നതോടെ ടാങ്കർ ലോറികളിലാണ് പലരും വെള്ളം എത്തിച്ചത്.