ലണ്ടൻ: ലണ്ടനിലെ തിരക്കേറിയ മോട്ടോര്‍വേകളിൽ ഒന്നായ  M 25 വെള്ളിയാഴ്ച അടച്ചു. ഞായറാഴ്ച വരെ M 25 പൂര്‍ണമായി അടഞ്ഞു കിടക്കുമെന്ന്‌ അധികൃതർ അറിയിച്ചു.
ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ യാത്രക്കായി ട്രെയിന്‍ ഉപയോഗിക്കണമെന്ന മുൻകരുതലും അധികൃതര്‍ നൽകിയിട്ടുണ്ട്.

1986 – ല്‍ നിലവില്‍ വന്നതിനു ശേഷം ആദ്യമായിട്ടാണ് M 25 മോട്ടോർവേ ഇത്രയും ദീര്‍ഘ സമയത്തേക്ക് അടച്ചിടുന്നത്. ഒരു പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ടാണ് മോട്ടോര്‍വേ അടച്ചത്. ഡൈവേര്‍ഷന്‍ റൂട്ടുകളില്‍ താമസിക്കുന്നവരുടെ ജീവിതം ഇതോടെ ഏറെ ക്ലേശകരമാകും.
തിരക്ക് വളരെ കൂടുതലായ M 25 മോട്ടോർവേയിൽ ഗതാഗത കുരുക്കും, വാഹന തിരക്കുമെല്ലാം സ്ഥിരം സംഭവങ്ങളാണ്.  വാരാന്ത്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും.

വിമാനത്താവളങ്ങളിലേക്ക് പോകുന്നവര്‍ ട്രെയിന്‍ മാര്‍ഗ്ഗമുള്ള യാത്ര തിരഞ്ഞെടുക്കണമെന്ന നിര്‍ദേശം അധികൃതര്‍ ഇതിനോടകം നൽകി കഴിഞ്ഞു.
ഡൈവേര്‍ഷന്‍ റൂട്ടുകളിലൂടെ യാത്രയില്‍ അഞ്ച് മണിക്കൂര്‍ വരെ കാലതാമസം ഉണ്ടായേക്കുമെന്ന്‌ നാഷണല്‍ ഹൈവേസും അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇടയിൽ ഉണ്ടാകുവാനിടയുള്ള ഗതാഗത കുരുക്ക് കണക്കിലെടുത്താല്‍ കാലതാമസം ഇനിയും കൂടാനാണ് സാധ്യത.

വാരാന്ത്യമായതിനാൽ വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങുമെന്നതും,  ഡൈവെര്‍ഷന്‍ റൂട്ടുകളില്‍ പലയിടങ്ങളിലേയും റോഡുകളുടെ അവസ്ഥ ശോചനീയമാണെന്നതും മൂലം ഈ ദിവസങ്ങളിലെ ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് ചില പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *