ഹൈദരാബാദ്: സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യോഗ്യതയില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.
മോദി തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് റെഡ്ഡിയുടെ മറുപടി. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഡേ ഭായ് എന്ന് വിശേഷിപ്പിച്ച രേവന്ത് റെഡ്ഡി, സംസ്ഥാനത്ത് കോൺഗ്രസിനെ ലക്ഷ്യം വച്ചതോടെയാണ് പ്രകോപിതനായത്.
കോൺഗ്രസും ബിആർഎസും ചേർന്ന് തെലങ്കാനയിലെ വികസനത്തിന്റെ എല്ലാ സ്വപ്നങ്ങളും തകർത്തു. ഇപ്പോൾ,തെലങ്കാനയിൽ കോൺഗ്രസിന്റെ പിടി മുറുകി എന്നതാണ് ബുദ്ധിമുട്ട്.
ആദ്യം, ബിആർഎസിന്റെ കൊള്ള, ഇപ്പോൾ കോൺഗ്രസിന്രെ ദുഷിച്ച കണ്ണ്. കിണറ്റിൽ നിന്ന് കുഴിയിൽ വീഴുന്നത് പോലെയാണ്. കോൺഗ്രസിന് സംസ്ഥാനം മുഴുവൻ നശിപ്പിക്കാൻ അഞ്ച് വർഷം മതിയെന്നും മോദി പറഞ്ഞു.
സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നത് മോദിക്ക് യോഗ്യമായ കാര്യമല്ലെന്ന് റെഡ്ഡി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മോദി തെലങ്കാനയെ അപമാനിച്ചു, തെലങ്കാനയെക്കുറിച്ച് ഒരക്ഷരം പോലും പറയാൻ അവകാശം പ്രധാന മന്ത്രിക്കില്ലെന്നും രേവന്ത് തുറന്നടിച്ചു.