യു കെ: ഉയരുന്ന ജീവിത ചിലവുകളോട് പടവെട്ടി തളർന്ന ജനതയെയും പൊതുമേഖലയിലെ മറ്റു ജീവനക്കാരെയും നോക്കുകുത്തികളാക്കിക്കൊണ്ട്,പണപ്പെരുപ്പത്തെ മറികടക്കുന്ന ശമ്പളവര്‍ധന നേടിയെടുത്തിരിക്കുകയാണ് ബ്രിട്ടീഷ് എംപിമാര്‍.
£4762 – യുടെ ശമ്പളവർദ്ധനവിന്റെ  വാച്ച്‌ഡോഗ് ഒപ്പുവെച്ചതോടെ £90,000 – ത്തിന് മുകളിലേക്കാണ് എംപിമാരുടെ വരുമാനം ഉയര്‍ന്നത്. 5.5% – ത്തിന്റെ വർധനവാണ് ഫലത്തിൽ ഉണ്ടായിരിക്കുന്നത്. 

റെയിൽവേ പോലുള്ള മേഖലകളിൽ കഴിഞ്ഞ അഞ്ചു വർഷമായി ശമ്പളം പുനക്രമീകരിച്ചിട്ടില്ല. എൻഎച്എസ്, മറ്റു പ്രധാന വകുപ്പുകളിലേയും ജീവനക്കാർ സമരമുറകളുൾപ്പടെയുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടും മാന്യമായ ശമ്പള വർധനയോട് മുഖംതിരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ജനം നികുതി ഭാരത്തില്‍ പൊറുതിമുട്ടുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ഈ വര്‍ധന നല്‍കിയതില്‍ രോഷം അണപൊട്ടുകയാണ്.
രാജ്യത്തെ പണപ്പെരുപ്പം 4% – ത്തിൽ തുടരവെയാണ്, £86,584 – ൽ നിന്നും ഏപ്രില്‍ മാസത്തോടെ £91,346 – ലേക്ക് എംപിമാരുടെ വരുമാനം വര്‍ധിക്കുക. ജനാരോക്ഷം ശക്തമെങ്കിലും, എംപിമാരുടെ സുപ്രധാന പങ്ക് മുന്‍നിര്‍ത്തിയാണ് ശമ്പളം വര്‍ദ്ധിപ്പിച്ചതെന്ന ന്യായവാദമാണ് ഇന്‍ഡിപെന്‍ഡന്റ് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ശമ്പളവർധനയുമായി ബന്ധപ്പെട്ടു നടത്തിയത്.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സാധാരക്കാരൻ ബുദ്ധിമുട്ടനുഭവിക്കുമ്പോഴാണ്  നികുതിദായകന്റെ പക്കല്‍ നിന്നും പണം പിടിച്ചെടുത്ത് എംപിമാരുടെ പോക്കറ്റ് വീര്‍പ്പിക്കുന്നതെന്ന വിമര്‍ശനം രൂക്ഷമായിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ പണപ്പെരുപ്പം മറികടന്നുള്ള വര്‍ധന നേടിയത് നികുതിദായകരെ ചൊടിപ്പിക്കുമെന്ന് ടാക്‌സ് പെയേഴ്‌സ് അലയന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ഒ’കോണെല്‍ പറഞ്ഞു.
പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ തവണ നികുതിയിനത്തിൽ അടച്ച തുക പുറത്തുവന്നതിനു ശേഷം അദ്ദേഹം ഏറെ വിമർശനം നേരിട്ടിരുന്നു. ശതകോടീശ്വരനായ പ്രധാനമന്ത്രി ശമ്പളവര്‍ധനവ് വേണ്ടെന്ന് വെയ്ക്കുമോയെന്ന ചോദ്യത്തിന് സ്ഥിരീകരണം നൽകാൻ സുനകിന്റെ വക്താവ് തയ്യാറായില്ല.

എന്നിരുന്നാലും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും മന്ത്രിമാര്‍ സ്വയമേ മന്ത്രിതല ശമ്പളത്തിന്റെ ഒരു ഭാഗം വേണ്ടെന്ന് വെയ്ക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പ്രകാരം 2010 മുതല്‍ കോമണ്‍സിലെ മന്ത്രിമാര്‍ക്ക് ശമ്പള വര്‍ധന ഉണ്ടായിട്ടില്ല എന്ന് വക്താവ് സ്ഥിതീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *