ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ദേശീയ ടീം സൗദിയില്‍ എത്തി. വ്യാഴാഴ്ച അബഹയില്‍ വെച്ചാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്. സൗദിയിലെ എല്ലാ ഇന്ത്യക്കാരും പിന്തുണയ്ക്കണമെന്ന് ഇന്ത്യന്‍ ടീമിലെ മലയാളി താരം സഹല്‍ അബ്ദുസമദ് അഭ്യര്‍ഥിച്ചു.
2026 ഫിഫ ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തിനായാണ് ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീം സൗദിയില്‍ എത്തിയത്. മാര്‍ച്ച് 21 വ്യാഴാഴ്ചയാണ് മത്സരം. അബഹയിലെ ദമക് സ്റ്റേഡിയത്തില്‍ രാത്രി 10 മണിക്ക് മത്സരം ആരംഭിക്കും. കഴിഞ്ഞ ദിവസം അബഹയില്‍ എത്തിയ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു.
കോച്ച് അന്‍റോണിയോ സ്റ്റിമാക്, മാനേജര്‍ വേലു, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എന്നിവരുടെ നേതൃത്വത്തില്‍ 23 താരങ്ങളാണ് സൗദിയില്‍ എത്തിയിരിക്കുന്നത്. മോഹന്‍ ബഗാന്‍ താരം സഹല്‍ അബ്ദുസമദ് ആണ് ടീമിലെ മലയാളി സാന്നിധ്യം. മത്സരത്തിലെ പ്രതീക്ഷ ട്വെന്‍റിഫോറുമായി പങ്കുവെച്ച സഹല്‍ എല്ലാവരും സപ്പോര്‍ട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു.
മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കളി കാണാനുള്ള ആവേശത്തിലാണ് മേഖലയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍.അഫ്ഗാനിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന മത്സരം സാങ്കേതിക കാരണങ്ങളാല്‍ സൗദിയിലേക്ക് മാറ്റുകയായിരുന്നു. ഗ്രൂപ്പില്‍ നേരത്തെ ഖത്തറുമായി പരാജയപ്പെട്ട ഇന്ത്യ കുവൈറ്റുമായുള്ള മത്സരത്തില്‍ വിജയിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *