പേരാമ്പ്ര: വാളൂരില്‍ അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ്. അനുവിന്റെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പിടിയിലായത്. അനുവിനെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന പ്രതി മുജീബ് റഹ്മാന്‍ ആഭരണങ്ങള്‍ വില്‍ക്കാനായി അബൂബക്കറെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ആഭരണം വില്‍ക്കാന്‍ സമീപിച്ച ജ്വല്ലറിയിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി. മുജീബിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. 
സംഭവത്തില്‍ ശനിയാഴ്ച വൈകിട്ട് മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്മാ(49)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. 
മാര്‍ച്ച് 11 തിങ്കളാഴ്ച പുലര്‍ച്ചെ മട്ടന്നൂരില വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മതില്‍ പൊളിച്ച് മോഷണം നടത്തി സമീപത്തെ വീട്ടില്‍ നിന്ന് ഹെല്‍മറ്റും മോഷ്ടിച്ചാണ് പ്രതി പേരാമ്പ്ര ഭാഗത്ത് എത്തുന്നത്. ആളൊഴിഞ്ഞ വഴികളില്‍ സ്ത്രീകളെ ലക്ഷ്യം വച്ച് കറങ്ങുന്ന ഇയാള്‍ വാളൂര്‍ റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് ബൈക്കു നിര്‍ത്തി നില്‍ക്കുന്ന സമയത്താണ് അനു ഫോണ്‍ ചെയ്ത് ധൃതിയില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെടുന്നത്.
ഫോണ്‍ സംസാരത്തില്‍ നിന്നും മറ്റാരോ കാത്തു നില്‍ക്കുന്നതായും തനിക്ക് വാഹനമൊന്നും കിട്ടിയില്ലെന്ന് പറയുന്നതും കേട്ട മുജീബ് ബൈക്കുമെടുത്ത് അനുവിനരികില്‍ എത്തുകയായിരുന്നു.മുളിയങ്ങീലേക്കാണെങ്കില്‍ കയറിക്കോ എന്നാവശ്യപ്പെട്ടെങ്കിലും ആദ്യം മടിച്ച അനു, പിന്നീട് ബൈക്കിന് പിന്നില്‍ കയറുകയായിരുന്നു. 
അനുവുമായി വാളൂര്‍ നടുക്കണ്ടി പാറയിലെ എഫ്.എച്ച്.സിക്കു സമീപത്തെ അള്ളിയോറതാഴ തോടിന് സമീപമെത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്നറിയിച്ച് വണ്ടി നിര്‍ത്തി മുജീബ് ഇറങ്ങി. ബൈക്കില്‍ നിന്ന് യുവതിയും ഇറങ്ങിയതോടെ ഇയാള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ബലം പിടുത്തത്തിനിടയില്‍ നിലത്തു വീണ അനുവിനെ തട്ടി തോട്ടിലേക്ക് ഇട്ട് വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ഏറെ നേരം യുവതിയുടെ ദേഹത്ത് ചവിട്ടിനിന്ന് മരണം ഉറപ്പാക്കിയ ശേഷമാണ് ആഭരണങ്ങള്‍ കവര്‍ന്നത്. മാലയും മോതിരവും പാദസരവും കൈക്കലാക്കിയ മുജീബ് അരഞ്ഞാണമുണ്ടോയെന്ന് പരിശോധിക്കുന്നതിനു വേണ്ടി ചുരിദാര്‍ അഴിച്ച് നോക്കിയെങ്കിലും അരഞ്ഞാണമില്ലായിരുന്നു. അതാണ് അര്‍ധനഗ്നയായി മൃതദേഹം കാണപ്പെട്ടതെന്ന് കരുതുന്നു. തുടര്‍ന്ന് ബൈക്കില്‍ പ്രതി രക്ഷപ്പെടുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *