തൃശൂര്‍: എടത്തിരുത്തിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കോടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി കരിപ്പാക്കുളം വീട്ടില്‍ കമറുദ്ദീന്റെ മകന് മുഹമ്മദ് സല്‍മാനാ(24)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാടായിക്കോണം സ്വദേശികളായ ഷെയിന്‍(22), മിഥുന് (19) എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയ്ക്ക് എടത്തിരുത്തി കുമ്പള പറമ്പിന് സമീപത്തായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം ബൈക്കുകളില്‍ എടമുട്ടത്ത് പോയ ശേഷം ഇരിങ്ങാലക്കുടയിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ സല്മാന് സഞ്ചരിച്ചിരുന്ന ബൈക്ക് വളവില്‍ തെന്നി വീഴുകയും പുറകില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സല്‍മാനെ രക്ഷിക്കാനായില്ല.