ആലപ്പുഴ: കൂട്ട അവധിയെടുത്ത് തൊഴിലാളി സംഗമത്തിന് പോയ വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മര്‍ദനം. പരുക്കേറ്റ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. രാജേഷ് മോനെ (48) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എല്‍. പുരത്തെ സബ് ഡിവിഷന്‍ ഓഫിസില്‍ ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം. 
കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ചേര്‍ത്തലയില്‍ നടത്തിയ തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കുന്നതിന് കലവൂര്‍ സെക്ഷന്‍ ഓഫീസിലെ 17 ജീവനക്കാര്‍ അവധി ചോദിച്ചിരുന്നു. എന്നാല്‍,  പരീക്ഷക്കാലമായതിനാല്‍ കൂട്ടമായി അവധിയെടുക്കുന്നതു ശരിയല്ലെന്നും നാലുപേരെങ്കിലും ജോലി ചെയ്തിട്ടു ബാക്കിയുള്ളവര്‍ പോയാല്‍ മതിയെന്നും രാജേഷ് മോന്‍ നിര്‍ദേശിക്കുകയും ഇത് തര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു. 
പരിപാടിക്കു ശേഷം എസ്.എല്‍. പുരത്തെ ഓഫീസിലെത്തിയ സംഘടനാ ഭാരവാഹികളും രാജേഷ് മോനുമായി തര്‍ക്കവും തുടര്‍ന്നു സംഘര്‍ഷവുമുണ്ടായി. അവധിക്കായി മുന്‍കൂട്ടി നോട്ടീസ് നല്‍കിയിട്ടും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അവധി അനുവദിക്കാതെ ഭീഷണിപ്പെടുത്തിയെന്നാണ് സംഘടനാ നേതാക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം സംസാരിക്കാന്‍ സംഘടനാ നേതാക്കള്‍ എത്തിയപ്പോള്‍ അവരോടു രാജേഷ് മോന്‍ മോശമായി പെരുമാറിയെന്നും തള്ളിവീഴ്ത്തിയെന്നും അസോസിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി സഞ്ജയ് നാഥ് ആരോപിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *