കോഴിക്കോട്: കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിംലീഗ്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമാണ് വോട്ടെടുപ്പ് വെള്ളിയാഴ്ച നിശ്ചയിച്ചതിനെ എതിർത്ത് രംഗത്ത് എത്തിയത്.
വെള്ളിയാഴ്ച ഇസ്‌ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ് നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് വലിയ പ്രയാസം സൃഷ്ടിക്കുമെന്നാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും പി.എം.എ സലാം അറിയിച്ചു.
വോട്ടെടുപ്പ് ദിവസം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തിൽ പുനർ വിചിന്തനം നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമസ്തയും രംഗത്തെത്തി. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമസ്ത കത്തയച്ചു. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്കു മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് സമസ്തയുടെ വിദ്യാർഥിവിഭാഗമായ എസ് കെ എസ് എസ് എഫും ആവശ്യപട്ടു. വെള്ളിയാഴ്ച വോട്ടെടുപ്പ് വെച്ചത് ജീവനക്കാർക്കും ബൂത്ത് ഏജന്റുമാർക്കും പ്രാർത്ഥനയ്ക്ക് തടസ്സം സൃഷ്ടിക്കും. അതിനാൽ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടു.