തൊടുപുഴ- ഹോട്ടലില്‍ കോളജ് വിദ്യാര്‍ഥികളെ തടഞ്ഞുവെച്ച് മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മൂന്നും നാലും പ്രതികളായ ആലക്കോട് വെള്ളിലാംചോട്ടില്‍ ഫൈസല്‍ (29), പൂക്കോളായില്‍ ജിതിന്‍ ജോസഫ് (27) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 24നാണ് കേസിനാസ്പദ സംഭവം. മൂവാറ്റുപുഴ നിര്‍മല കോളജിലെ വിദ്യാര്‍ഥികള്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ നടന്ന വടംവലി മത്സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ഥിനിയും സുഹൃത്തുകളും മങ്ങാട്ടുകവലയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. അടുത്ത മേശയിലിരുന്ന നാല് യുവാക്കള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് തര്‍ക്കവും ഉന്തുതള്ളും ഉണ്ടാവുകയും ചെയ്തു. അക്രമികള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളില്‍ ഒരാളുടെ കരണത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥികളെ ഇവര്‍ വീണ്ടും മര്‍ദിച്ചു. പ്രതികളിലൊരാള്‍ കത്തി വീശിയപ്പോള്‍ വിദ്യാര്‍ഥികളിലൊരാള്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് പ്രതികള്‍ നാലുപേരും മുങ്ങി.
മറ്റു രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണെന്ന് തൊടുപുഴ എസ്. എച്ച്. ഒ എസ്. മഹേഷ് കുമാര്‍ പറഞ്ഞു. എസ്. ഐമാരായ ഹരീഷ്, നജീബ്, സി. പി. ഒമാരായ ഷബിന്‍ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
2024 March 16KeralaGUNDA ATTACKtitle_en: Mangatukavala gang attack; Two people were arrested