വാഷിംഗ്ടണ്‍ : സെയ്ന്റ് പാട്രിക് വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ലിയോ വരദ്കര്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി. ഗാസയ്ക്ക് പുറമേ ഉക്രെയ്നിനുള്ള സാമ്പത്തിക പിന്തുണ, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ അധികാരം പങ്കിടല്‍,യു എസ് -അയര്‍ലണ്ട് സാമ്പത്തിക ബന്ധങ്ങള്‍ എന്നിവയൊക്കെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായെന്ന് വരദ്കര്‍ വ്യക്തമാക്കി.
സെന്റ് പാട്രിക്സ് ദിനാഘോഷത്തിന് മുമ്പായി ഐറിഷ് പ്രധാനമന്ത്രി, അമേരിക്കൻ പ്രസിഡണ്ടിനെ, വൈറ്റ് ഹൗസിൽ എത്തി സന്ദർശിക്കുന്നത് പതിവായ ഒരു പാരമ്പര്യമാണ്.
ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് വ്യക്തമാക്കിയ യു എസ് ഗാസയില്‍ റംസാന് കാലത്ത് വെടിനിര്‍ത്തലിന് പരിശ്രമിക്കുകയാണെന്ന് ബൈഡന് വെളിപ്പെടുത്തിയതായി ലിയോ വരദ്കര്‍ പറഞ്ഞു.വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരമായി സംസാരിക്കുകയായിരുന്നു വരദ്കര്‍.മിഡില്‍ ഈസ്റ്റില്‍ സമാധാനം പനസ്ഥാപിക്കാന് അയര്ലണ്ടുമായി സഹകരിക്കണമെന്ന് വരദ്കര്‍ നേരത്തെ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
ഗുഡ് ഫ്രൈഡേ കരാര്‍ ഓര്‍മ്മിപ്പിച്ച് വരദ്കര്‍
ഗുഡ് ഫ്രൈഡേ കരാറുണ്ടാക്കുന്നതില്‍ അമേരിക്ക വഹിച്ച പങ്ക് ഉദ്ധരിച്ചുകൊണ്ടാണ് ഇസ്രയേലിനും പാലസ്തീനുമിടയില്‍ ഇടപെടണമെന്ന് യു എസിനോട് വരദ്കര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ഈ മേഖലയിലെ അറബ് രാജ്യങ്ങളടക്കമുള്ളവയുമായി ചേര്‍ന്ന് റംസാന് കാലത്ത് വെടിനിര്‍ത്തലിന് കഠിനമായ ശ്രമം യു എസ് നടത്തുന്നുണ്ട്.
മാനുഷിക വെടിനിര്ത്തലിലേയ്ക്കെത്താന് നടത്തുന്ന എല്ലാ ശ്രമങ്ങളും പ്രസിഡന്റ് ബോധ്യപ്പെടുത്തിയെന്നും വരദ്കര്‍ വിശദീകരിച്ചു. ഇസ്രായേലും അതിന്റെ അറബ് അയല്‍ക്കാരും തമ്മിലുള്ള ശാശ്വത സമാധാനത്തിനൊപ്പം ദ്വിരാഷ്ട്ര പരിഹാരത്തിനും സാധ്യത കാണുന്നുണ്ട്.
ബന്ദികളെ മോചിപ്പിക്കുന്നതും ചില തടവുകാരുടെ കൈമാറ്റങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണിത്.അത് നേടാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ ശാശ്വതമായ സമാധാനവും കൈവരുമെന്ന് വിശ്വസിക്കാം. ഗാസയിലെ മാനുഷിക സാഹചര്യം വളരെ മോശമാണ്. അതിനാല്‍ കാര്യങ്ങള്‍ വേഗത്തിലാക്കണമെന്ന് വരദ്കര്‍ ആവശ്യപ്പെട്ടു.
ഇസ്രായേല്‍ അമേരിക്കന്‍ ആയുധങ്ങളുപയോഗിക്കുന്നത്….
സ്വയം പ്രതിരോധത്തിന്റെ ഭാഗമായല്ല യുദ്ധത്തില്‍ അമേരിക്കന്‍ ആയുധങ്ങളുപയോഗിക്കുന്നതെന്ന് വരദ്കര്‍ പറഞ്ഞു.ഇസ്രായേലിന് സഹായിക്കുന്നതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ അമേരിക്കന്‍ ആയുധങ്ങളാണ് യുദ്ധത്തില്‍ ഉപയോഗിക്കുന്നത്. അതിനെ എങ്ങനെ സ്വയം പ്രതിരോധമെന്ന നിലയില്‍ കാണാനാകുമെന്ന് വരദ്കര്‍ ചോദിച്ചു. വെടനിര്ത്തലുണ്ടാകണമെന്ന അയര്‍ലണ്ടിന്റെ നിലപാടില്‍ മാറ്റമില്ലെന്നും വരദ്കര്‍ വ്യക്തമാക്കി.
അയര്‍ലണ്ടും യു എസും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് ബൈഡന്
ഗാസയില്‍ മാനുഷിക സഹായം വര്‍ധിപ്പിക്കുന്നതിന് അയര്‍ലണ്ടും യു എസും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.ലിയോ വരദ്കര്‍ ഉന്നയിച്ച വെടിനിര്‍ത്തല്‍, ദ്വിരാഷ്ട്ര പരിഹാരം എന്നിവയെ അംഗീകരിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ചര്‍ച്ചയ്ക്കിടെ അയര്‍ലണ്ട് നല്കിയ സ്നേഹോഷ്മളമായ സ്വീകരണത്തിന് ബൈഡന് നന്ദിയും അറിയിച്ചു. അവിസ്മരണീയമായ അനുഭവങ്ങളാണ് അയര്‍ലണ്ട് സന്ദര്‍ശനം നല്‍കിയതെന്നും ബൈഡന് പറഞ്ഞു.100 വര്‍ഷത്തെ ബാന്ധവമാണ് അയര്ലണ്ടുമായുള്ളതെന്നും ബൈഡന് അനുസ്മരിച്ചു.
ഗാസ ദുരന്തം വര്‍ഷങ്ങളോളം നമ്മളെ വേട്ടയാടുമെന്ന് നേരത്തേ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വസതിയില്‍ സെന്റ് പാട്രിക്സ് ഡേ പ്രഭാതഭക്ഷണത്തിനായി ഒത്തുകൂടിയ വേളയില്‍ വരദ്കര്‍ അഭിപ്രായപ്പെട്ടു.
അയര്‍ലണ്ടില്‍ സമാധാനമുണ്ടാക്കാന്‍ യു എസ് ഞങ്ങളെ സഹായിച്ചു. അതുപോലെ ഇപ്പോള്‍ ഇസ്രായേലിനും പാലസ്തീനിനും അറബ് അയല്‍ക്കാര്‍ക്കും ഇടയിലും മിഡില്‍ ഈസ്റ്റിലാകെയും ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കാനും പ്രവര്‍ത്തിക്കണമെന്ന് വരദ്കര്‍ പറഞ്ഞു.