തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിന് പിന്നിലെ സത്യം കണ്ടെത്താതെ തോറ്റുമടങ്ങുകയാണ് സിബിഐ. ആറുവർഷം മുൻപ് കാണാതായ ജെസ്നയെ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും സിബിഐയ്ക്ക് കണ്ടെത്താനായിട്ടില്ല. ജസ്ന മരിച്ചതായും വിവരമില്ല.
വിവിധ മതവിഭാഗങ്ങളുടെ മതപരിവർത്തന കേന്ദ്രങ്ങളായ മലപ്പുറത്തെ സത്യസരണി, പൊന്നാനി, കോഴിക്കോട്ടെ ആര്യസമാജം എന്നിവിടങ്ങളിൽ അന്വേഷിച്ചു. മതപരിവർത്തനം ചെയ്യപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്തു. തിരോധാനത്തിന് പിന്നിൽ മത, തീവ്രവാദ സംഘങ്ങളുമില്ല. ജസ്‌ന ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല. ഇക്കാര്യമുറപ്പിക്കാൻ അഞ്ജാത മൃതദേഹങ്ങളുമായി താരതമ്യപഠനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
രാജ്യത്തെ ഒന്നാം നമ്പർ അന്വേഷണ ഏജൻസിയായ സിബിഐ ജെസ്നാ കേസിൽ തലകുനിച്ച് നിൽക്കുകയാണ്. കേസ് അവസാനിപ്പിക്കാൻ സിബിഐ കോടതിയിൽ നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചിട്ടില്ല. അതിനെ എതിർത്ത് ജെസ്നയുടെ പിതാവും രംഗത്തെത്തിയിട്ടുണ്ട്. ജെസ്നയ്ക്കായി നിരവധി ആത്മഹത്യാ മുനമ്പുകളിൽ പരിശോധന നടത്തിയെങ്കിലും നിഷ്ഫലമായി.
തമിഴ്നാട്, കർണാടകം, മുംബയ് എന്നിവിടങ്ങളിൽ തിരഞ്ഞു. ലോവർപെരിയാർ ഡാമിന്റെ പരിസരത്തും തിരഞ്ഞിരുന്നെന്ന് സിബിഐ പറയുന്നു. ജസ്നയുടെ പിതാവ് ജെയിംസിനെയും ഫോണിൽ കൂടുതൽ വിളിച്ച സുഹൃത്തിനെയും ബ്രെയിൻ ഇല്ക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിംഗ് (ബിഇഒഎസ്) ടെസ്റ്റിന് വിധേയമാക്കിയപ്പോൾ തിരോധാനത്തിൽ ഇവർക്ക് പങ്കില്ലെന്ന് വ്യക്തമായി.
ജസ്നയുടെ ഫോൺവിളി രേഖകൾ പരിശോധിച്ചപ്പോൾ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ മാത്രമാണ് വിളിച്ചതെന്ന് വ്യക്തമായി. ജസ്നയ്ക്ക് സാധാരണ ഫോണാണുണ്ടായിരുന്നത്. സ്മാർട്ട് ഫോണില്ലാത്തതിനാൽ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായിരുന്നില്ല. ജി-മെയിൽ വഴിയും ആശയവിനിമയമില്ലെന്ന് കണ്ടെത്തി. എന്നാൽ ജെസ്‌നയുടെ തിരോധാനത്തിന് പിന്നിൽ അഞ്ജാത സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പിതാവിന്റെ ആവശ്യം.
ജസ്‌ന അഞ്ജാത സുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിബിഐ അന്വേഷിത്തിട്ടില്ലെന്നും പിതാവ് ആവശ്യപ്പെടുന്നു. സിബിഐ അന്വേഷിക്കാത്ത കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് പിതാവിന്റെ ഹർജി.
പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസിൽ നിന്ന് 2018 മാർച്ച് 22 ന് പുറപ്പെട്ട ജസ്‌ന ഓട്ടോറിക്ഷയിൽ എരുമേലി പ്രൈവറ്റ് ബസ്സ്റ്റാൻഡിലെത്തി. അവിടെ നിന്ന് ശിവഗംഗ എന്ന ബസിൽ കയറി മുണ്ടക്കയത്തേക്ക് പോയി.
പുളികുന്ന് വരെ ജസ്‌ന ഇതേ ബസിൽ ഉണ്ടായിരുന്നതായി കണിമല ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പുളികുന്നിനും മുണ്ടക്കയത്തിനും ഇടയിലാണ് ജസ്‌നയെ കാണാതാകുന്നത്. ഈ മേഖലയിൽ സിബിഐ അന്വേഷണം നടത്തിയിട്ടില്ല.
ജസ്‌ന അഞ്ജാത സുഹൃത്തിനാൽ ഉപദ്രവിക്കപ്പെട്ടിരിക്കാം. പതിവില്ലാതെ ആർത്തവ സമയത്ത് ജസ്‌നയക്ക് അമിത രക്തസ്രാവം ഉണ്ടായിരുന്നതായി ഏക സഹോദരി മൊഴി നൽകിയിട്ടുണ്ട്. രക്തം പുരണ്ട തുണി തിരുവല്ലം ഡിവൈ.എസ്.പി അന്വേഷണത്തിനായി ശേഖരിച്ചിരുന്നു. എന്നാൽ ഇത് രാസപരിശോധനയ്ക്ക് അയച്ചില്ല.
രാസപരിശോധനയിലൂടെ മാത്രമേ ഏതെങ്കിലും മരുന്ന് കഴിച്ചതിന്റെ ഭാഗമായുണ്ടായ ആന്തരിക രക്തസ്രാവം കാരണമാണോ ജസ്‌നയ്ക്ക് അമിത രക്തസ്രാവം ഉണ്ടായതെന്ന് കണ്ടെത്താനാവൂ. അമിത രക്തസ്രാവത്തിൽ ഭയന്ന ജസ്‌ന ഈ വിവരം കാരണക്കാരനായ അഞ്ജാത സുഹൃത്തിനെ അറിയിക്കാൻ വീടുവിട്ട് ഇറങ്ങിയതാവാമെന്നാണ് പിതാവിന്റെ സംശയം. ഇതേക്കുറിച്ച് സിബിഐ അന്വേഷിച്ചിട്ടില്ല.
കോളേജിലെ കോമേഴ്‌സ് വിഭാഗത്തിലെ അഞ്ച് കുട്ടികളുമായാണ് ജസ്‌നയ്ക്ക് കൂടുതൽ അടുപ്പം ഉണ്ടായിരുന്നത്. ഇവരിലേക്ക് അന്വേഷണം എത്തിയിരുന്നെങ്കിൽ അഞ്ജാത സുഹൃത്തിനെക്കുറിച്ചുളള വിവരം ലഭിക്കുമായിരുന്നു.
മാത്രമല്ല ജസ്‌ന കോളേജിന് പുറത്ത് പോയത് എൻഎസ്എസ് ക്യാമ്പിനാണ്. ഈ ക്യാമ്പിന്റെ വിവരങ്ങളും സിബിഐ അന്വേഷിച്ചില്ല. ജസ്‌നയെ കാണാതായ അന്ന് വൈകിട്ട് ആറുമണിക്കും പിറ്റേന്ന് രാവിലെയും ജസ്‌നയുടെ ഫോണിലേക്ക് വിളിച്ച സുഹൃത്തിലേക്കും അന്വേഷണമെത്തിയില്ല.
അതേസമയം, അന്വേഷണത്തിൽ പോലീസ് വരുത്തിയ വീഴ്ചയാണ് കേസ് തെളിയിക്കാൻ തടസമെന്നാണ് സിബിഐ പറയുന്നത്. ഒരാളെ കാണാതായാൽ ആദ്യ 48 മണിക്കൂർ നിർണായകമായ ഗോൾഡൻ അവറാണ്. കേരളാ പൊലീസ് ഈ സമയം വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല. ശരിയായ അന്വേഷണം പ്രാരംഭഘട്ടത്തിലുണ്ടായിട്ടില്ല.
തിരച്ചിലിന് ഇന്റർപോൾ യെല്ലോ നോട്ടീസിറക്കിയിട്ടുണ്ട്. വിദേശത്തു നിന്ന് ജസ്നയെക്കുറിച്ച് വിവരം കിട്ടിയാൽ തുടരന്വേഷണത്തിന് തയ്യാറാണെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. ജെസ്നയുടെ തിരോധാനത്തിൽ തുറന്നു പറയാൻ കഴിയാത്ത പല കാര്യങ്ങളുമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി കെ.ജി സൈമണിന്റെ വെളിപ്പെടുത്തലിന് അടിസ്ഥാനമില്ല.
ഇത് സൈമൺ തന്റെ മൊഴിയിൽ സമ്മതിച്ചിട്ടുണ്ട്. ശുഭവാർത്ത പ്രതീക്ഷിക്കാമെന്ന മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ പ്രസ്താവനയിലും കഴമ്പില്ല. സ്വാഭാവിക പ്രതീക്ഷയാണ് മാദ്ധ്യമപ്രവർത്തകരോട് പങ്കുവച്ചതെന്നാണ് തച്ചങ്കരിയുടെ മൊഴി.