ന്യൂദല്‍ഹി-കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജരായ ദമ്പതികളും അവരുടെ കൗമാരക്കാരിയായ മകളും മരിച്ചു. മാര്‍ച്ച് ഏഴിന് നടന്ന സംഭവത്തില്‍ ഇന്നലെ ഇവരെ തിരിച്ചറിഞ്ഞതായും മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായും പോലീസ് പറഞ്ഞു. 51 കാരനായ രാജീവ് വാരിക്കൂ, ഭാര്യ 47 കാരിയായ ശില്‍പ കോത, ഇവരുടെ 16 കാരിയായ മകള്‍ മഹെക് വാരിക്കൂ എന്നിവരാണ് കൊല്ലപ്പെട്ടത്. ബിഗ് സ്‌കൈ വേ, വാന്‍ കിര്‍ക്ക് ഡ്രൈവ് എന്നിവിടങ്ങളിലെ വീട്ടിലാണ് ഇവരെ കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തിന് ശേഷം തീപിടുത്തം സംശയാസ്പദമാണെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച് 7 ന് ബ്രാംപ്ടണിലെ ബിഗ് സ്‌കൈ വേയിലും വാന്‍ കിര്‍ക്ക് ഡ്രൈവ് ഏരിയയിലും ഒരു വീടിന് തീപിടിച്ചതായി പീല്‍ പോലീസിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. തീപിടുത്തത്തിന് മുമ്പായി വലിയൊരു സ്ഫോടനശബ്ദം കേട്ടതായി ദൃക്സാക്ഷികളുടെ മൊഴിയുണ്ട്. പെട്ടെന്ന് വീടിന് തീപിടിക്കുകയും ഏതാനും മണിക്കൂറിനുള്ളില്‍ എല്ലാം നിലംപൊത്തുകയും ചെയ്തതായി അയല്‍വാസിയായ കെന്നത്ത് യൂസുഫ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തീ കെടുത്തിയിട്ട് നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ നിന്നും മൂന്ന് പേരുടേയും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ടൊറന്റോ പോലീസില്‍ സന്നദ്ധപ്രവര്‍ത്തകനായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് രാജീവ് വാരിക്കൂ. അദ്ദേഹത്തിന്റെ കാലാവധി 2016-ല്‍ അവസാനിച്ചിരുന്നു. ഇയാളുടെ മകള്‍ വളര്‍ന്നുവരുന്ന ഫുട്ബോള്‍ താരമാണ്. നോര്‍ത്ത് അമേരിക്കയിലുടനീളമുള്ള പ്രശസ്ത സര്‍വ്വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പ് നേടാനുള്ള കഴിവുള്ള ഫീല്‍ഡിലെ അസാധാരണ പ്രതിഭയായി അവളുടെ കോച്ച് അവളെ ഓര്‍മ്മിച്ചു. മരണത്തെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മുന്നോട്ട് വരണമെന്നും പോലീസ് പറഞ്ഞു. ”വീടിന് തീപിടിച്ച സാഹചര്യങ്ങള്‍ സജീവമായ അന്വേഷണത്തിന്റെ കേന്ദ്രമായി തുടരുന്നു, വിവരങ്ങളോ വീഡിയോ ഫൂട്ടേജുകളോ ഉള്ളവര്‍ ഹോമിസൈഡ് ഡിറ്റക്റ്റീവുകളുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.” പോലീസ് പറഞ്ഞു.
2024 March 16InternationalIndian familyCanadaDeathpoliceഓണ്‍ലൈന്‍ ഡെസ്‌ക് title_en: Indian-Origin Couple, Daughter Burnt To Death At Canada Home

By admin

Leave a Reply

Your email address will not be published. Required fields are marked *