ഇടുക്കി : കട്ടപ്പന ഇരട്ട കൊലപാതക കേസില്‍ പ്രതികളുടെ അടിക്കടിയുള്ള മൊഴിമാറ്റവും അമ്മയുടെയും സഹോദരിയുടെയും മൊഴികളിലെ വൈരുദ്ധ്യവും അന്വേഷണത്തിൽ വെല്ലുവിളിയാവുന്നു. കൊല്ലപ്പെട്ട വിജയന്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ വിഷ്ണുവിനെ മോഷണത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.
ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് വഴി ഒരുങ്ങിയത്. വിഷ്ണു അറസ്റ്റിൽ ആയ ദിവസം പുലർച്ചെ 3.30 ഓടെ വന്ന ഒരു ഫോൺ കോളിലൂടെയാണ് അന്വേഷണ സംഘം നിതീഷിലേക്ക് എത്തിയത്.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും, വീട് ചോദിച്ചറിഞ്ഞും അന്വേഷണത്തിനായി കട്ടപ്പന എസ്ഐ എൻ ജെ സുനേഖും സീനിയർ സിവിൽ പൊലീസ് ഓഫിസറും മഫ്തിയിൽ കക്കാട്ടുകടയിലെ വിഷ്ണുവിന്റെ വാടക വീട്ടിലെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
പിന്നിട് ഇവർ റോഡിലിറങ്ങി സംസാരിക്കുമ്പോഴാണ് വീടിന് സമീപത്തുള്ള പറമ്പിലൂടെ നിതീഷ് വരുന്നത്. എവിടെ പോയതാണെന്ന ചോദ്യത്തിന് ഗിനി പന്നികളെ വളർത്തുന്നുണ്ടെന്നും അതിന് വെള്ളം കൊടുക്കാൻ പോയതാണെന്നും മറുപടി നൽകി.
ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ചാർജില്ലാതെ ഓഫ് ആയതാണെന്ന് നിതീഷ് പറഞ്ഞതിൽ സംശയം തോന്നി ഫോൺ ഓണാക്കി നോക്കിയപ്പോൾ അത് കള്ളമാണെന്ന് ബോധ്യമായി.
പുലർച്ചെ എന്തിനാണ് വിഷ്ണുവിനെ വിളിച്ചത് എന്ന് ചോദിച്ചപ്പോൾ താൻ ഇന്നലെ രാത്രി 11 ന് എറണാകുളത്ത് നിന്നും കട്ടപ്പനയ്ക്ക് ബസിൽ വന്നതാണെന്നും പുലർച്ചെ കട്ടപ്പനയിലെത്തിയപ്പോൾ വീട്ടിൽ പോകുന്നതിനായി കൂട്ടുകാരൻ വിഷ്ണുവിനെ വിളിച്ചതാണെന്നും പ്രതി പറഞ്ഞു.
പൊലീസിനെ വിശ്വസിപ്പിക്കാൻ എറണാകുളം – കട്ടപ്പന റൂട്ടിൽ വന്ന ഒരു ബസ് ടിക്കറ്റും പോക്കറ്റിൽ നിന്നും എടുത്തു കാണിച്ചു. പൊലീസിന്റെ ചോദ്യങ്ങൾക്ക് അതീവ ജാഗ്രതയോടെ മറുപടി നൽകിയ നിതീഷിന്റെ ഫോണിലെ ഫോട്ടോകൾ പരിശോദിച്ചപ്പോൾ ഏലത്തിന്റെ പടങ്ങളായിരുന്നു ഉണ്ടായിരുന്നത്.
എറണാകുളത്ത് എവിടെയാണ് ഏലത്തോട്ടം ഉള്ളതെന്ന ചോദ്യത്തോടെ പ്രതി നിതീഷ് സത്യം പറയാൻ നിർബന്ധിതനായി. പിന്നീട് വീടിനുള്ളിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ദുരൂഹ സാഹചര്യങ്ങളും ബന്ധുക്കളുടെ സംശയങ്ങളും പലരിൽ നിന്നായി ലഭിച്ച വിവരങ്ങളും കൂട്ടിയിണക്കിയുള്ള ചോദ്യം ചെയ്യലിൽ ഇരുകൊലപാതകങ്ങളും പ്രതി സമ്മതിക്കുകയായിരുന്നു.