തൊടുപുഴ: മണക്കാട് റോഡിൽ കോപ്പറേറ്റീവ് കോളേജിലേക്ക് പോകുന്ന മെയിൻ റോഡ് ജങ്ങ്ഷനിൽ പിഡബ്ല്യുഡി റോഡ് നന്നാക്കുന്നതിനിടയിൽ ഓടയുടെ സ്ലാബ് എടുത്തു മാറ്റിയിട്ട് ആറ് മാസം പിന്നിടുന്നു. നാളിതുവരെയായിട്ടും സ്ലാബ് തിരിച്ചു വക്കാതെ അനാസ്ഥ കാട്ടുകയാണ് ഉദ്യോഗസ്ഥർ.
20 അടി താഴ്ചയിലുള്ള കുഴി യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തി കിടക്കുകയാണ്. സ്കൂൾ കുട്ടികളുൾപ്പെടെ നിരവധി യാത്രക്കാരാണ് ഇതിലേ ദിവസവും സഞ്ചരിക്കുന്നത്. പല തവണ അധികാരികളുമായി ബന്ധപ്പെട്ടെങ്കിലും ആരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.
ഇതിൽ പ്രതിഷേധിച്ചാണ് യുവാവ് രംഗത്തെത്തിയത്. പല സ്ഥലങ്ങളിലും ഓടയിൽ വീണ് ആളുകൾ മരിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്രയും വലിയ അപകട സാധ്യത കണ്ടില്ലെന്ന് നടിക്കരുതെന്ന് ഇയാൾ കൂട്ടിച്ചേർത്തു.
രാത്രികാലങ്ങളിലും മറ്റും വെളിച്ചത്തിന്റെ അഭാവം മൂലം പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തിലുള്ള ഈ ഓടയിലേക്ക് ഇരുചക്ര വാഹനങ്ങളും മറ്റും മറിഞ്ഞു വീഴാൻ സാധ്യത ഉണ്ടെന്നും വ്യക്തമാക്കി.
മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് മൂലം കടകളിലേക്കും മറ്റും ആവശ്യ സാധനങ്ങൾ വാങ്ങാൻ പോലും പോകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.