ഡല്‍ഹി: വീണ് പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. നെറ്റിയില്‍ സാരമായി മുറിവേറ്റിടത്ത് നാല് തുന്നലിട്ട ശേഷമാണ് മമത ഡിസ്ചാര്‍ജായത്. ഇന്നലെ രാത്രിയാണ് മമതയെ നെറ്റിയില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ എത്തിച്ചത്. വിഷയം തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. വീടിനുള്ളില്‍ കാല്‍ വഴുതി വീണതാകാമെന്ന് ബംഗാളില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരിക്കേറ്റ മമതയുടെ ചിത്രം ടിഎംസി പുറത്തുവിട്ടിരുന്നു. നെറ്റിയില്‍നിന്ന് ചോര ഒലിച്ചിറങ്ങുന്ന ചിത്രത്തിനൊപ്പം ‘ഞങ്ങളുടെ ചെയര്‍പേഴ്സണ്‍ മമത ബാനര്‍ജിക്ക് ഗുരുതര പരിക്കേറ്റു. നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തുക’ എന്നും ടിഎംസി എക്സില്‍ കുറിച്ചിരുന്നു. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രമുഖ നേതാക്കളെല്ലാം മമതയ്ക്ക് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിരുന്നു. ഈയിടെ വന്ന പൗരത്വഭേദഗതി നിയമമടക്കം കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടുകളെ നിശിതമായി എതിര്‍ക്കുന്നയാളാണ് മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. വിജ്ഞാപനം ചെയ്ത നിയമങ്ങള്‍ ‘ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണ്’ എന്നാണ് മമത പറഞ്ഞത്.

By admin

Leave a Reply

Your email address will not be published. Required fields are marked *