ആമ്പല്ലൂര്‍: അളഗപ്പനഗര്‍ പച്ചളിപ്പുറത്ത് മാരകായുധങ്ങളുമായി നാല് വീടുകളില്‍ ആക്രമണം നടത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. പച്ചളിപ്പുറം കിഴക്കൂട്ട് വീട്ടില്‍ ചന്ദ്രന്‍, കാവല്ലൂര്‍ അയ്യഞ്ചിറ വീട്ടില്‍ ആകര്‍ഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവശേഷം ഇവര്‍ ഒളിവിലായിരുന്നു.
ജനുവരിയിലായിരുന്നു സംഭവം. പച്ചളിപ്പുറം പള്ളിപ്പാമഠത്തില്‍ ഗീത, ചീരമ്ബത്ത് ബവിത സുനില്‍, കിഴക്കൂട്ട് ഷീജ പ്രദീപ്, പട്‌ലിക്കാടന്‍ പ്രീജു എന്നിവരുടെ വീടുകളാണ് സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ അറയ്ക്കല്‍ വിശാഖ്, മുരുകന്‍ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വടിവാളുമായി ആക്രമണം നടത്തിയ സംഘം വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
പുതുക്കാട് എസ്.എച്ച്.ഒ സജീഷ് കുമാര്‍, എസ്.ഐ. വിനോദ്, സീനിയര്‍ സി.പി.ഒ സജീവ്, സി.പി.ഒമാരായ ശ്രീജിത്ത്, സിനേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.