പാറശ്ശാല: രക്തംവാര്‍ന്ന് വഴിയരികിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വള്ളവിള പുതുവൽ പുത്തൻവീട്ടിൽ ഹനീഫയുടെ മകൻ അസീം (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളെ കസ്റ്റഡിയിലെടുത്തു. കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീര്‍ (34), ചെങ്കവിളയ്ക്ക് സമീപം മങ്കുഴി ചെറുകോട് വീട്ടില്‍ ജനീഫാ ആല്‍ബര്‍ട്ട് (26) എന്നിവരെയാണ് പൊഴിയൂര്‍ പൊലീസ് പിടികൂടിയത്.
ചെങ്കവിള ഒറ്റപ്പാവിള റോഡിൽ പനങ്കാലയ്ക്കു സമീപം വ്യാഴാഴ്ച രാത്രി 12.45നാണ് തലയ്ക്കു സാരമായി പരിക്കേറ്റ യുവാവിനെ വഴിയാത്രക്കാർ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അസീം വെളളിയാഴ്ച രാവിലെ മരിച്ചു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. അസീമിനെ ആശുപത്രിയിലേക്ക് മാറ്റുന്ന വേളയില്‍ അർധബോധാവസ്ഥയില്‍ ഷമീര്‍, ജനീഫ എന്ന പേരുകള്‍ പറഞ്ഞതായി മെഡിക്കല്‍ സ്റ്റോര്‍ ഉടമ പൊലീസിന് മൊഴി നല്‍കിയിരുന്നു.
പൊലീസ് പറയുന്നത് ഇങ്ങനെ: മാങ്കുഴിയിലുള്ള സ്വന്തം വീട്ടിൽ താമസിക്കുന്ന ജെനീഫയും കൊല്ലങ്കോടുള്ള ഇറച്ചിക്കോഴി വിൽപന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അസീമും തമ്മിൽ ബന്ധം ഉണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെ ഷമീര്‍ ജനീഫയുടെ വീട്ടിലെത്തിയപ്പോള്‍ അസീമിനെ കാണുകയും സമീപത്ത് കിടന്ന പട്ടിക ഉപയോഗിച്ച് അസീമിനെ അടിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ അസീമിനെ ഷമീറും ഭാര്യ ജനീഫയും ചേര്‍ന്ന് ഇരുചക്രവാഹനത്തില്‍ ഇരുവര്‍ക്കും ഇടയില്‍ ഇരുത്തി ഇയാളെ പനങ്കാലയിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ചു. അസീമിനെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാണെന്നു വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.