ചൈനീസ് സര്‍ക്കാരിനെതിരെ പൊതുജനാഭിപ്രായം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഗൂഢപ്രചാരണം നടത്താന്‍ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹസ്യാന്വേഷണ ഏജൻസിയായ സിഐഎയെ ചുമതലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. യു എസ് മുന്‍ ഉന്നത ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഷി ജിന്‍പിങ് സര്‍ക്കാരിനെക്കുറിച്ച് മോശമായി പ്രചാരണം നടത്താന്‍ വ്യാജ ഇന്റര്‍നെറ്റ് ഐഡികള്‍ ഉപയോഗിച്ച് സിഐഎ ചെറിയ സംഘത്തെ സൃഷ്ടിച്ചതായി മൂന്ന് മുന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
2019-ലാണ് നീക്കം ആരംഭിച്ചത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍ വിദേശത്ത് അനധികൃത നിക്ഷേപം നടത്തിയെന്നും ചൈനയുടെ ബെല്‍റ്റ് ആൻഡ് റോഡ് പദ്ധതിയില്‍ വ്യാപക അഴിമതിയാണെന്നും ഈ സിഐഎ സംഘം പ്രചാരണം നടത്തിയെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഈ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഇവര്‍ തയാറായില്ല. ചൈനീസ് നേതാക്കളെ പരിഭ്രാന്തരാക്കുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആഗോള സ്വാധീനം വര്‍ധിപ്പിക്കാനായി ചൈന രഹസ്യമായി നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു ട്രംപിന്റെ നീക്കമെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.