ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ്ജിപിടിയോട് മത്സരിക്കാന്‍ ഗൂഗിള്‍ അവതരിപ്പിച്ചതാണ് ബാര്‍ഡ്, ജെമിനി ചാറ്റ്ബോട്ടുകള്‍ എന്നിവ. എന്നാല്‍ ഇവ പരാജയം നേരിട്ടതിനെ തുടര്‍ന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ബാര്‍ഡിന്റെ പരിമിതികള്‍ മറികടക്കുന്ന അത്യാധുനിക ചാറ്റ്ബോട്ടാണ് ജെമിനി എന്നാണ് കമ്പനിയുടെ പറയുന്നത്.
എന്നാല്‍ അതിനുണ്ടായ പിഴവുകളും വസ്തുതാപരമായ പിശകുകളും കമ്പനിയെ പിന്നോട്ടടിച്ചിരിക്കുകയാണ്. വിമര്‍ശനങ്ങളെ തുടര്‍ന്ന് ജെമിനി ചാറ്റ്ബോട്ടില്‍ നിന്ന് ഇമേജ് ജനറേഷന്‍ സംവിധാനം പിന്‍വലിക്കേണ്ടതായി വന്നതായാണ് സൂചന. ഇതിനു പിന്നാലെ ഗൂഗിള്‍ പരിഹസിക്കപ്പെട്ടിട്ടുമുണ്ട്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഗൂഗിളിന് പുതുതായി എത്തിയ ഓപ്പണ്‍ എഐയോട് ഒന്നും മത്സരിക്കാനാവുന്നില്ല എന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
ബിസിനസ് ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗൂഗിള്‍ മേധാവി സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സുന്ദര്‍ പിച്ചൈ ആല്‍ഫബെറ്റിന്റെ മേധാവി സ്ഥാനത്ത് ഇരുന്നാല്‍ മതിയെന്നും ഗൂഗിളിന്റെ സിഇഒ സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കുന്നതാണ് നല്ലതെന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
മുന്‍പ് ജെമിനിയുടെ മുന്‍ഗാമിയായ ബാര്‍ഡ് ചാറ്റ്ബോട്ട് അവതരിപ്പിക്കുന്ന സമയത്ത് ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് തെറ്റായ മറുപടി നല്‍കിയത് ചര്‍ച്ചയായിരുന്നു. നിര്‍മാണം പൂര്‍ത്തിയാകാത്ത ഉല്പന്നങ്ങള്‍ ഗൂഗിള്‍ തിരക്ക് പിടിച്ച് വിപണിയില്‍ ഇറക്കുകയാണെന്ന ആക്ഷേപവും നിലവില്‍ ഉയരുന്നുണ്ട്. എഐ മത്സരത്തില്‍ പരാജയപ്പെടാതിരിക്കാന്‍ സ്റ്റാര്‍ട്ട്അപ്പിന്റെ നിലവാരത്തിലേക്ക് കമ്പനി താഴുകയാണെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയര്‍ത്തുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *