തിരുവനന്തപുരം: വേനൽക്കാലത്തെ വമ്പൻ വൈദ്യുതി ഉപയോഗം കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 500 കോടി രൂപ വായ്പയെടുക്കാൻ കെഎസ്ഇബിക്ക് സർക്കാർ അനുമതി നൽകിയതോടെ, ആ ബാദ്ധ്യതയും ജനങ്ങളുടെ തലയിലാവുമെന്ന് ഉറപ്പായി.
ഇപ്പോൾ തന്നെ വൻ കടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അടിക്കടി വൈദ്യുതി നിരക്ക് ഉയർത്തുന്നുണ്ട്. സെസ് തുടങ്ങിയവ ചുമത്തിയാണ് ഇതിന്റെ നഷ്ടം കെഎസ്ഇബി നികത്തുന്നത്. ഇനി മുതൽ കടമെടുത്ത് മുടിയുന്നതിന്റെ ബാദ്ധ്യതയും ജനങ്ങൾ ചുമക്കേണ്ടി വരും. 

കെഎസ്ഇബിയ്‌ക്ക് പണവും വൈദ്യുതിയുമില്ലാതെ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരുന്ന സാഹചര്യമൊഴിവാക്കാനാണ് 500 കോടി കടമെടുക്കാൻ സർക്കാർ അനുമതി നൽകിയത്. ലോഡ്ഷെഡ്ഡിംഗ് ഒഴിവാക്കുകയാണ് ലക്ഷ്യം എന്ന വ്യാജേനയാണ് കടമെടുപ്പ്.

സർക്കാരിന്റെ അനുമതിയില്ലാതെ ശമ്പളപരിഷ്കരണവും പെൻഷൻ പരിഷ്കരണവും നടപ്പാക്കിയതിലൂടെ വമ്പൻ ബാദ്ധ്യതയുണ്ടാക്കിയ കെഎസ്ഇബി അതും ജനങ്ങളുടെ തലയിൽ കെട്ടിവച്ചിരിക്കുകയാണ്. 
കെഎസ്ഇബി എടുത്തു കൂട്ടുന്ന വായ്‌പയ്‌ക്ക് സർക്കാർ ഗ്യാരന്റി നിൽക്കും. സർക്കാർ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശിക സമയബന്ധിതമായി തീർക്കാൻ സർക്കാർ ഇടപെടും. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം പ്രതിദിനം 100 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. ഇന്നലെ 101.88 ദശലക്ഷത്തിന്റെ റെക്കോർഡിലെത്തി.
കഴിഞ്ഞ വർഷം ഇതേസമയം 96 ദശലക്ഷം യൂണിറ്റായിരുന്നു. പുറമെ നിന്ന് വൻ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയിലാണ് കെഎസ്ഇബി. ഹൈപ്രൈസ് പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങാൻ മുൻകൂർ പണം നൽകണം. അതിന് പ്രതിദിനം 15 മുതൽ 20 കോടി വരെ വേണം. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ കടന്നുകിട്ടാൻ 1477 കോടിയെങ്കിലും അധികം കണ്ടെത്തേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

കെഎസ്ഇബി സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. ഈ സാമ്പത്തിക വർഷം 1180 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ട്. 2030 തോടെ ഉത്പാദന രംഗത്ത് മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

1180 കോടിയുടെ അധിക ചെലവും 11,000 കോടിയുടെ കടബാധ്യതയുമുണ്ട്. പവർ എക്സേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ തുക മുൻകൂറായി നൽകണമെന്ന വ്യവസ്ഥ കെഎസ്ഇബിക്ക് കടുത്ത സമ്മർദമുണ്ടാക്കുകയാണ്. പ്രതിദിനം അഞ്ചു കോടിയോളം രൂപ പവർ എക്സ്ചേഞ്ചിൽ ചെലവിടേണ്ടിവരുന്നു. 
വാട്ടർ അതോറിട്ടിയുൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക പലിശ സഹിതം 3347 കോടിയാണ്. വാട്ടർ അതോറിട്ടിയുടെ മാത്രം കുടിശ്ശിക 2479 കോടിയാണ്. ഇത് പ്രതിമാസം അടക്കാത്തതിനാൽ 37 കോടി വെച്ച് വർധിക്കുകയാണ്. 2022-23 സാമ്പത്തിക വർഷത്തെ കെഎസ്ഇബിയുടെ നഷ്ടമായ 1023.62 കോടിയുടെ 75 ശതമാനമായ 767.715 കോടി സർക്കാർ ഏറ്റെ‌ടുത്തിട്ടുണ്ട്.

വാട്ടർ അതോറിറ്റിയുടെ കുടിശികയായ 2068 കോടി സർക്കാർ ഏറ്റെടുക്കാമെന്നും, കഴിഞ്ഞ വർഷത്തെ കെ.എസ്.ഇ.ബിയുടെ നഷ്ടമായ 1300 കോടിയുടെ 60% തുകയായ 768കോടി നൽകാമെന്നും ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കാരണം വൈദ്യുതി മീറ്ററുകൾ സ്റ്റോക്ക് ചെയ്യാൻ പോലുമാവാത്ത സ്ഥിതിയിലാണ് കെ.എസ്.ഇ.ബി.

വൻകിട ഗാർഹിക ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ത്രീഫേസ് വൈദ്യുതിമീറ്റർ വാങ്ങാനാണ് പണമില്ലാത്തത്. ഇതോടെ വൻകിട ഉപഭോക്താക്കളുടെ നിരക്ക് നിർണയമടക്കം പ്രതിസന്ധിയിലാണെന്നാണ് സൂചന. സംസ്ഥാനത്ത് 1.40ലക്ഷം മീറ്ററുകൾ കേടാണെന്നാണ് റിപ്പോർട്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *