ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മൽ ബോയ്സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മാറിയതെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. ചിത്രത്തിൻ്റെ നിർമാതാവ് സൗബിനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 175 കോടിയാണ് 2018-ന്റെ ഫെെനൽ കളക്ഷൻ. 200 കോടി ​ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമാകുമോ മഞ്ഞുമ്മൽ ബോയ്സ് എന്നാണ് ഇനി കാണാനുള്ളത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.
കേരളത്തിൽ ഉണ്ടാക്കിയെടുത്തതിനേക്കാൾ വലുതാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് സൃഷ്ടിച്ച ഓളം. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ പ്രമേയം. ഫെബ്രുവരി 22-നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *