തിരുവനന്തപുരം: വായിക്കാൻ പ്രയാസകരമായ ഭാഷയിലും രീതിയിലും എഴുതി വച്ചിരിക്കുന്ന ആധാരങ്ങളുടെ കാലം കഴിയുന്നു. ഇനി മുതൽ ആധാരങ്ങളും പ്രമാണങ്ങളുമെല്ലാം ഡിജിറ്റലാവുകയാണ്. ആധാരങ്ങളുടെ ഫോം രൂപത്തിലുള്ള ടെംപ്ലേറ്റുകൾക്ക് സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. ഇനി മുതൽ മുദ്രപത്രങ്ങൾക്കായുള്ള അലച്ചിലും ആധാരമെഴുതാനുള്ള കാത്തുനിൽപ്പുമൊക്കെ ഇല്ലാതാവും. ഇതോടെ കടലാസിലുള്ള മുദ്രപത്രങ്ങൾ പൂർണമായി ഇല്ലാതാവും.
ഏറെക്കാലമായി കടലാസിലുള്ള മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമമായിരുന്നു അനുഭവപ്പെട്ടിരുന്നത്. 200 രൂപയുടെ ആവശ്യത്തിനു പോലും 500 രൂപയുടെയും ആയിരം രൂപയുടെയും മുദ്രപത്രങ്ങൾ വാങ്ങേണ്ട ഗതികേടിലായിരുന്നു ജനം.
ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങൾ കിട്ടാനേ ഇല്ലായിരുന്നു. ഡിജിറ്റൽ മുദ്രപത്രങ്ങൾ വരുന്നതോടെ ജനങ്ങളുടെ കീശ ചോരുന്നത് ഇല്ലാതാവും. ആധാരങ്ങളുടെ രജിസ്‌ട്രേഷൻ ലളിതമായും വേഗത്തിലും നിർവഹിക്കാൻ രജിസ്‌ട്രേഷൻ വകുപ്പ് തയ്യാറാക്കിയതാണ് ഡിജിറ്റൽ മുദ്രപത്രങ്ങൾ.
സമ്പൂർണ്ണ ഇ സ്റ്റാമ്പിംഗ് പ്രഖ്യാപിച്ചെങ്കിലും അതിനുള്ള സാങ്കേതിക നടപടികൾ പൂർത്തിയായില്ല. ഒരു ലക്ഷത്തിന് മുകളിലുള്ള രജിസ്ട്രേഷന് മാത്രമാണ് ഇപ്പോൾ ഇസ്റ്റാമ്പിംഗുള്ളത്. മുദ്രപ്പത്രങ്ങളുടെ ഡിസ്ക്കൗണ്ട് നിരക്ക് കൂട്ടണമെന്ന വെണ്ടർമാരുടെ ആവശ്യം ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്. ഈ വിഷയത്തിൽ അന്തിമ തീരുമാനം കൂടി വന്നശേഷമേ സമ്പൂർണ്ണ ഇ സ്റ്രാമ്പിംഗ് നടപ്പാവൂ. എല്ലാ സംസ്ഥാനങ്ങളിലും ഇ സ്റ്റാമ്പിംഗ് കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ തീരുമാനപ്രകാരമാണ് നാസിക് പ്രസിൽ 100 രൂപ മുദ്രപ്പത്ര അച്ചടി അവസാനിപ്പിച്ചത്.
വാടക കരാറുകൾ, ചിട്ടി, ബോണ്ട് വയ്ക്കൽ, ബാങ്ക് വായ്പ, റീകൺവെയൻസ് (വായ്പ അവസാനിപ്പിക്കൽ), നിർമ്മാണ കരാർ, തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ധനസഹായം തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം 100 രൂപ പത്രമാണ് വേണ്ടത്. ചെറിയ തുകയുടെ ഒന്നിലധികം പത്രങ്ങൾ വാങ്ങി ഉപയോഗിക്കാമെങ്കിലും വെണ്ടർമാരുടെ ജോലിഭാരം കൂടും. ഒരു ലക്ഷം വരെയുള്ള രജിസ്‌ട്രേഷനാണ് മുദ്രപ്പത്രങ്ങൾ ഉപയോഗിച്ച് ഇപ്പോൾ നടത്താവുന്നത്.
ഡിജിറ്റൽ റീസർവെ പൂർത്തിയാക്കിയ വില്ലേജുകളുടെ പരിധിയിൽ വരുന്ന സബ് രജിസ്ട്രാർ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈകാതെ ഇത് നടപ്പാക്കും. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം ഏപ്രിൽ മാസത്തോടെ മറ്റ് സബ് രജിസ്ട്രാർ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടാത്ത വിധമാവും പരിഷ്കരണം നടപ്പാക്കുക.
ആധാരങ്ങളിൽ രേഖപ്പെടുത്തേണ്ട വിവരങ്ങൾ നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ കൃത്യതയോടെ ചേർത്ത് നൽകുന്നതാണ് ടെംപ്‌ളേറ്റിന്റെ രീതി. ഓരോ വിവരവും രേഖപ്പെടുത്താൻ പ്രത്യേക കോളങ്ങളുണ്ടാവും.
ആധാരകക്ഷിയുടെ പേര് വിവരം, വസ്തുവിന്റെ വിശദാംശങ്ങൾ, സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ, വസ്തുവിന്റെ മുൻചരിത്രം തുടങ്ങിയവയെല്ലാം ബന്ധപ്പെട്ട കോളങ്ങളിൽ ചേർക്കണം.
ഇടപാട് നടക്കുന്ന ഭൂമിയുടെ സ്കെച്ച് ഡിജിറ്റൽ രൂപത്തിൽ ആധാരത്തിന്റെ ഭാഗമാവും. അധിക വിവരങ്ങൾ രേഖപ്പെടുത്താനും പ്രത്യേക സ്ഥലമുണ്ടാവും. ഓൺലൈൻ മുഖേന ഇതെല്ലാം ചേർത്ത് സബ് രജിസ്ട്രാർക്ക് സമർപ്പിക്കാം. രജിസ്ട്രേഷൻ കക്ഷിയുടെ തത്സമയ ഫോട്ടോയും ബയോമെട്രിക് സംവിധാനം വഴി വിരലടയാളവും രജിസ്ട്രാർ രേഖപ്പെടുത്തും.
ഇസ്റ്റാമ്പിംഗ് സംവിധാനത്തിലൂടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒടുക്കിയാൽ നടപടികൾ പൂർത്തിയാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതിന്റെ പ്രിന്റൗട്ട് ഇടപാടുകാരന് കിട്ടും.