തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിന് മുൻപ് ധൃതി പിടിച്ച് ചട്ടം ഉണ്ടാക്കിയതിനെതിരെ കേരളം നിയമപരമായ തുടർനടപടി സ്വീകരിക്കും. മതാധിഷ്ടിതമായി ജനങ്ങളെ വിഭജിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധവും ജനങ്ങളുടെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതുമാണ് നിയമം. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണിത്. വിഭജനരാഷ്ട്രീയത്തിലൂടെ തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനുള്ള സംഘപരിവാറിന്റെ ഹീനമായ നീക്കമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
മുസ്‍ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതാണ് ഈ നിയമം. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറിൽനിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മം കൊണ്ടത്. അനധികൃത കുടിയേറ്റക്കാർ എന്നത് നിർവചിക്കപ്പെട്ടത് മതാടിസ്ഥാനത്തിലായിരുന്നില്ല. 2019ലെ ഭേദഗതിയാണ് പൗരത്വത്തെ നിർണയിക്കാനുള്ളതിന് അടിസ്ഥാനമാക്കി മതത്തെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.