കുവൈറ്റ് : പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് പിസിഎഫ് കുവൈറ്റ് സെൻട്രൽ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യ രൂപപ്പെട്ടത്. ആ കാഴ്ചപ്പാടുകളെ ആകെ തകര്‍ത്ത് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമം ഫാസിസ്റ്റു ഭരണകൂടം നടപ്പിലാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം ഉയർന്നു വരേണ്ടതാണ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വിജയം നേടാനാകുമോയെന്ന പരിശ്രമത്തിന്റെ ഫലമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. മതനിരപേക്ഷ രാഷ്ട്രം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും ചേര്‍ന്നുകൊണ്ട് ശക്തമായ ചെറുത്തുനില്‍പ്പ് തുറന്നു വരേണ്ടതാണ്. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ഇന്ത്യൻ മതേതരത്തിൽ വിശ്വസിക്കുന്ന എല്ലാവരോടും പ്രസ്താവനയില്‍ പിസിഎഫ് കുവൈറ്റ് ആവശ്യപ്പെട്ടു.