തിരുവനന്തപുരം: പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും. അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.
കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.
കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.
കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.
പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.
വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

By admin

Leave a Reply

Your email address will not be published. Required fields are marked *