കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുന്നത് 12,000-ലധികം പ്രവാസികള്‍ക്ക്. അനധികൃത താമസക്കാരായ പ്രവാസികള്‍ക്കായി മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹാണ് തീരുമാനം പുറപ്പെടുവിച്ചത്.
റമദാൻ മാസത്തോടനുബന്ധിച്ചാണ് ഈ തീരുമാനമെടുത്തത്. പൊതുമാപ്പ് കാലയളവില്‍ പിഴത്തുക അടച്ച് അനധികൃത താമസക്കാര്‍ക്ക് താമസനില നിയമാനുസൃതമാക്കാം. അനധികൃത താമസക്കാര്‍ക്ക് പിഴ നല്‍കാതെ രാജ്യം വിടാനും പൊതുമാപ്പ് കാലയളവ് പ്രയോജനപ്പെടുത്താം. പുതിയ നടപടിക്രമങ്ങളിലൂടെ ഇവര്‍ക്ക് കുവൈത്തിലേക്ക് തിരിച്ചെത്താനും സാധിക്കും.