ആഗോളതലത്തില്‍ 2050ഓടെ  കാന്‍സര്‍ കേസുകളില്‍ 75 ശതമാനം വര്‍ധനവുണ്ടാകുമെന്ന്  ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഡബ്ല്യുഎച്ച്ഒയുടെ അര്‍ബുദ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര ഏജന്‍സി(ഐഎആര്‍സി)യുടെ കണക്കുകള്‍ കാന്‍സര്‍ എത്രത്തോളം ഭീകരമായി മാറുന്നുവെന്ന് വ്യക്തമാക്കുന്നു.
2012ല്‍ ലോകമെമ്പാടും 1.41 കോടി പുതിയ കേസുകളും 82 ലക്ഷം മരണവുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 10 വര്‍ഷത്തിന് ശേഷം അത് രണ്ട് കോടി പുതിയ കേസുകളും 97 ലക്ഷം മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2050 ഓടെ 3.5 കോടി പുതിയ അര്‍ബുദ രോഗികളുണ്ടാകുമെന്നാണ് ഐഎആര്‍സിയുടെ കണക്കുകള്‍. 2022നെ അപേക്ഷിച്ച് 77 ശതമാനത്തിന്റെ വര്‍ധനവാണിത് സൂചിപ്പിക്കുന്നത്. മരണനിരക്കിലും വര്‍ധനവുണ്ടാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പുകവലി, മദ്യപാനം, അമിതഭാരം, ജനസംഖ്യാ വര്‍ധനവ് തുടങ്ങിയവയാണ് കാന്‍സര്‍ വര്‍ധിക്കാനുള്ള പ്രധാനകാരണമായി ഐഎആര്‍സി ചൂണ്ടിക്കാട്ടുന്നത്. 2050ഓടെ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 48 ലക്ഷത്തിന്റെ അധിക വര്‍ധനവ് കൂടി പുതിയ കേസുകളില്‍ പ്രവചിക്കുന്നുണ്ട്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ കേസുകളിലും ആനുപാതിക വര്‍ധനവുണ്ടാകും.
എന്നാല്‍ കാന്‍സര്‍ കേസുകളിലെ വര്‍ധനവ് എല്ലാ രാജ്യങ്ങളിലും തുല്യമായല്ല അനുഭവപ്പെടുകയെന്ന് ഐഎആര്‍സിയുടെ കാന്‍സര്‍ നിരീക്ഷണ വിഭാഗത്തിലെ മേധാവി ഫ്രെഡ്ഡി ബ്രേ പറയുന്നു. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ വളരെ കുറച്ച് മാര്‍ഗങ്ങള്‍ മാത്രമുള്ള രാജ്യങ്ങളെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.
സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളും തമ്മില്‍ വലിയ അസമത്വം നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് 50 ശതമാനം കുറവാണ് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ രോഗനിര്‍ണയം നടത്തുന്നത്. വൈകിയുള്ള രോഗനിര്‍ണയവും ഗുണമേന്മയുള്ള ചികിത്സയും ലഭിക്കാത്തതും കാരണം ഇത്തരം രാജ്യങ്ങളില്‍ സ്തനാര്‍ബുദ രോഗികളുടെ അപകട സാധ്യത കൂടുതലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed