സർപ്രൈസ് എന്നൊക്കെ പറഞ്ഞാൽ ഒന്നൊന്നര സർപ്രൈസാണ് കേരളത്തിലെ കോൺഗ്രസ്സ് പാർട്ടി രാജ്യം ഭരിക്കുന്ന ബിജെപിക്കാർക്കും കമ്മ്യുണിസ്റ്റുകൾക്കും നൽകിയത്.
കേരളത്തിൽ നിന്നും ഒരു താമരയെങ്കിലും പറിക്കാം എന്ന വ്യാമോഹത്താൽ പ്രധാനമന്ത്രിയെ വരെ ഒന്നോ രണ്ടോ തവണ നാട്ടിലെത്തിച്ച് തൃശൂർപോലുള്ള ഒരു മതേതര ജില്ലയിൽ വളരെ ഭംഗിയായി സംഘിചിന്തകള്‍ ഇളക്കിവിട്ടുകൊണ്ട് സുരേഷ്‌ഗോപി സ്വപ്‌നങ്ങൾ നെയ്തു കൂട്ടി.
അതിന്നായി പഴയ ഡിജിപിയെ പ്രയോജനപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ സ്വന്തം ലീഡറുടെ പുത്രിയെ ആവാഹിച്ചെടുത്തു. തൃശൂരിലെ നായർ വോട്ടുകൾ മൊത്തമായും പെട്ടിയിൽ വീഴുമെന്നുറപ്പായപ്പോൾ കോൺഗ്രസ്സ് പാർട്ടിയുടെ കരുത്തനായ വിഡി സതീശനും കൂട്ടരും ചേർന്നുകൊണ്ട് ആ കളികൾ അരിഞ്ഞു വീഴ്ത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനങ്ങൾ തകൃതിയായി നടക്കുമ്പോൾ, യുഡിഎഫ് പ്രവർത്തകന്മാർ വളരെ ആവേശത്തോടെ മുന്നോട്ട് പായുമ്പോൾ അവരുടെ ഓട്ടത്തിൽ ഇടക്കാൽ ഇട്ടു വീഴ്ത്താൻ ശ്രമിച്ചതാണ് ബിജെപി പത്മജയിലൂടെ.
പത്മജ എന്നത് ഇതുവരെ ജയിക്കാനാവാത്ത ഒരു വേദനിക്കുന്ന കോടീശ്വരി മാത്രമാണ്. ലീഡറുടെ മകൾ എന്ന ലേബൽ മാറ്റി നിർത്തിയാൽ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത രാഷ്ട്രീയക്കാരി. അവരുടെ ഭർത്താവിനെ കയ്യിലെടുത്തുകൊണ്ട് ബിജെപി കരുക്കൾ നീക്കിയപ്പോൾ ആകെ അവരുടെ ആവശ്യം ആരറിഞ്ഞാലും ഈ വിഷയം കെ സുരേന്ദ്രനോ വി മുരളീധരനോ ശോഭ സുരേന്ദ്രനോ അറിയരുത് എന്നാണ്.
വടക്കേ ഇന്ത്യയിൽ നിന്നും അതിന്നായി ഗുരുവായൂരിൽ വന്നിറങ്ങിയ മേനോനും കൂട്ടരും അതീവ രഹസ്യമായി രണ്ടു പേരെ ലക്ഷ്യമിട്ടു.
പിസി ജോർജ്ജിലൂടെ മകൻ ഷോൺ ജോർജ്ജും, ഷോണിലൂടെ ഒരു പാര്‍ട്ണറായ വിഐപി പുത്രനെയും അവർ ലക്ഷ്യംവെച്ചിരുന്നു. ആ പുത്രന്‍റെ പഴയ കേസുകൾ ഇല്ലാതാക്കി നേതാവിന്‍റെ മകൾക്കെതിരെ ചട്ടുകമാക്കുവാൻ അവർ തീരുമാനിച്ചു. ആ വക പണികൾ നടന്നുവരുന്നുണ്ട്.
അന്നവർ ലക്‌ഷ്യം വെച്ച മറ്റേയാൾ പത്മജയായിരുന്നു. തൃശൂരിൽ മത്സരം കടുപ്പിക്കുവാൻ ആ തീരുമാനം കൊണ്ട് ആകുമായിരുന്നു. ഒപ്പം വടകരയിൽ മുരളിധരന്റെ വിജയത്തെയും ആ തീരുമാനം ബാധിക്കുമായിരുന്നു.
അപ്പോഴാണ് കേരളത്തിന്റെ പുലിക്കുട്ടിയായ പ്രതിപക്ഷ നേതാവ് ടിഎൻ പ്രതാപനെ ഫോണിൽ വിളിക്കുകയും മുരളീധരനായി മാറിക്കൊടുക്കണം എന്നഭ്യർത്ഥിക്കുകയും ചെയ്തത്.
പ്രതാപനെ സംബന്ധിച്ചിടത്തോളം ജയിക്കുവാൻ അറിയാവുന്ന ഒരു നല്ല കളിക്കാരനാണ്. അദ്ദേഹം അടുത്ത നിയമസഭയിലേക്കുള്ള മന്ത്രിക്കുപ്പായം ഉറപ്പാക്കിക്കൊണ്ട് ലീഡറുടെ മകനായി വഴി മാറികൊടുത്തു.
വിഡി പിന്നെ വിളിക്കുന്നത് ഷാഫിയെയാണ്. ഷാഫിയോട് പാലക്കാട്ട് നിന്നും വടകരയിലേക്ക് ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു. വേദനയോടെ എങ്കിലും ഷാഫി ആ വാക്കുകൾക്ക് വില കൽപ്പിച്ചു.
ഷാഫിയുടെ സമ്മതം കിട്ടിയപ്പോൾ വിഡി സാക്ഷാൽ കെ മുരളീധരനെ വിളിച്ചു. ജീവിതം തുടങ്ങിയത് മുതൽ സർപ്രൈസുകൾ മാത്രം കണ്ടുവളർന്ന മുരളീധരൻ ശരിക്കും ആ ബുദ്ധി കേട്ട് ഞെട്ടിത്തരിച്ചു. രണ്ടാമതായി ഒന്നും ചിന്തിക്കാതെ തൃശൂർക്കുള്ള സമ്മതം നൽകി.
പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം വിഡി സ്വയം ഏറ്റെടുക്കുവാനും മറന്നില്ല എന്നത് പാലക്കാട്ടെ നന്മയുള്ള വോട്ടർമാർക്ക് ആശ്വസിക്കാം. അവിടെ വെട്ട് കിട്ടിയത് ബിജെപിക്കും സിപിഎമ്മിനും ഒരേ സമയത്താണ്. എല്ലാവരുടെയും പ്ലാനുകൾ ഈ രണ്ടു തീരുമാനങ്ങളിൽ തട്ടി തകർന്നപ്പോൾ സോഷ്യൽ മീഡിയയിൽ യുഡിഎഫ് അണികളുടെ ആവേശം ഇരട്ടിയായി. സുരേഷ്‌ഗോപി ബിജെപിക്ക് ഒരു ബാധ്യതയായി എന്നുവരെയുള്ള റിപ്പോർട്ടുകൾ പാർട്ടിയുടെ സെക്രട്ടറിക്ക് കൈമാറേണ്ടിവന്നു.
ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ജനകീയൻ ആയതും സമുദായ പിന്തുണ ഉള്ളതുകൊണ്ടും, പ്രതാപൻ ന്യുനപക്ഷങ്ങളുടെ വക്താവായതുകൊണ്ടും ജയിക്കുവാൻ അറിയാവുന്ന വിളവുകൾ ഉള്ളതുകൊണ്ടും സുരേഷ്‌ഗോപി കഴിഞ്ഞ തവണത്തേക്കാൾ ബഹുദൂരം പിന്നോട്ട് പോകുമെന്ന് ആളുകൾ അടക്കം പറയുന്നു.
പറയുന്നതും ചെയുന്നതുമൊക്കെ വിവാദങ്ങളായി ഭവിക്കുന്നതുകൊണ്ട് നല്ല കുടുംബങ്ങളുടെ വോട്ടുകൾ സുരേഷ്‌ഗോപിക്ക് കിട്ടുവാൻ സാധ്യത വളരെ കുറവാണ്. കഴിഞ്ഞ തവണ ഇത്രയെങ്കിലും വോട്ടുകൾ കിട്ടിയത് ഒരു ആവേശത്തിന്റെ പേരിലായിരുന്നു.
കൂടാതെ ഒരു സ്ഥാനാർത്ഥി ക്രിസ്ത്യാനിയും മറ്റേയാൾ അരയസമുദായത്തിൽ പെട്ടയാളും ആയപ്പോൾ ലേശം നായർ വോട്ടുകൾ സുരേഷ് ഗോപിക്ക് കിട്ടി.
ശരിക്കും പറഞ്ഞാൽ പത്മജ വിഷയം യുഡിഎഫിന് ഗുണമായി മാത്രമേ ഭവിക്കുകയുള്ളൂ. ഒന്നാമതായി പത്മജയെ അധികമാർക്കും ഇഷ്ടമല്ല. പത്മജ പറയുന്നു ഭംഗി കൂട്ടിയതുകൊണ്ടാണ് ആളുകൾ വോട്ട് ചെയ്യാത്തത് എന്ന്.
പക്ഷെ അത്രക്കുള്ള ഭംഗിയൊന്നും കാണുന്നില്ലെന്ന് വോട്ടർമാരും പറയുമ്പോൾ ” വർക്ക് ഫ്രം ഹോം ” സിദ്ധാന്തക്കാർക്ക് കൂറുമാറി കളിക്കുകയെ നിർവാഹമുള്ളൂ.
ചേട്ടന് തൃശൂർ ജാതകപ്രകാരം നല്ല സ്ഥലമല്ല എന്ന് അനിയത്തി ഉപദേശിക്കുമ്പോൾ സുരേഷ്‌ഗോപിയുടെയും കേരളത്തിലെ ബിജെപിയുടേയും ജാതകം പത്മജ നോക്കുന്നത് നല്ലതായിരിക്കും.
എന്തായാലും സുരേഷ് ഗോപി ഹാലിളകിയാണ് പ്രചാരണങ്ങൾ നയിക്കുന്നത്. ഇതോടെ ആ മനുഷ്യൻ എന്നെന്നേക്കുമായി രാഷ്ട്രീയവനവാസം ആരംഭിക്കുവാനും ജാതകപ്രകാരം സാദ്ധ്യതകൾ ഏറെയാണ്.
ഇപ്പോഴത്തെ കോൺഗ്രസ്സ് നേതൃത്വം കേന്ദ്രത്തിൽ കളി തുടങ്ങുകായണെങ്കിൽ മോദിയുടെയും അമിത്ഷായുടെയും ഉറക്കം നഷ്ടപ്പെടുത്താമായിരുന്നു. അത്രയ്ക്കും ചാണക്യ ബുദ്ധിയിലൂടെയാണ് കരുക്കൾ നീക്കുന്നത്. കർണ്ണാടകയിലും തെലങ്കാനയിലും പരീക്ഷിച്ചു വിജയിച്ച അതേ നയങ്ങളാണ് ഇന്നിപ്പോൾ അവർ കേന്ദ്രത്തിലും പയറ്റുന്നത്.
പണ്ടൊക്കെ ഇതൊന്നും ചെവിക്കൊള്ളാത്ത കുറെ കടൽ കിളവന്മാർ പാർട്ടിയിൽ ഉണ്ടായിരുന്നു. ഇന്നവരുടെ പ്രസക്തിയൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തവണ നന്നായൊന്നു മുറുക്കി പിടിച്ചാൽ 2004 അവർത്തിക്കാനാവും എന്നത് നഗ്നമായ സത്യമാണ്.
സർപ്രൈസുകൾ എന്നും ഇന്ത്യക്കാരന് സ്വീകാര്യമാണ് !!!
മുരളിയെ തൃശൂരിലിറക്കിയ ആ ബുദ്ധിയെ നമിച്ചുകൊണ്ട് കോൺഗ്രസ്സ് പോരാളി ദാസനുംഷാഫിയെ വടകരയിലേക്ക് കയറ്റിയ ബുദ്ധിയെ സ്നേഹിച്ചുകൊണ്ട് കോൺഗ്രസ്സ് പോരാളി വിജയനും