കൊട്ടാരക്കര∙റേഷൻ കാർഡ് ദുരുപയോഗം ചെയ്ത് സാധനങ്ങൾ വാങ്ങുന്നവർക്ക് എതിരെ നടപടി. കാർഡ് ഉടമ മരിച്ച വിവരം മറച്ചു വച്ച് റേഷൻ സാധനങ്ങൾ വാങ്ങിയ കൊട്ടാരക്കര താലൂക്കിലെ 81 കാർഡ് ഉടമകളിൽ നിന്ന് പിഴയായി 148000 രൂപ ഈടാക്കി. മൂന്ന് വർഷം മുൻപ് മരിച്ചവരുടെ പേരിലും സാധനങ്ങൾ വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി.
കാർഡ് ഉടമ മരിച്ചാൽ 15 ദിവസത്തിനകം വിവരം താലൂക്ക് അധികൃതരെ അറിയിക്കണമെന്നാണ് നിയമം. കൊട്ടാരക്കര താലൂക്കിൽ റേഷൻകാർഡുകളുടെ ദുരുപയോഗം വ്യാപകമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. സ്വന്തമായി ആഡംബര കാർ ഉള്ളവർ വരെ ദരിദ്രർക്കുള്ള കാർഡ് കൈവശം വച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഒട്ടേറെ റേഷൻകാർഡുകൾ റദ്ദാക്കി. താലൂക്കിൽ 340 റേഷൻകടകളാണ് ഉള്ളത്. അതിദരിദ്ര വിഭാഗത്തിൽ 10201 കാർഡ് ഉടമകളാണുള്ളത്. റേഷൻകാർഡുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് എതിരെ നടപടി തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ എൽ.സി.സീന അറിയിച്ചു.