തിരുവനന്തപുരം: മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍വിഹിതം വാങ്ങാതിരുന്ന 59,688 കുടുംബങ്ങളുടെ സൗജന്യ റേഷന്‍വിഹിതം റദ്ദാക്കി. മുന്‍ഗണന വിഭാഗത്തില്‍ റേഷന്‍ വിഹിതം വാങ്ങിയിരുന്നവര്‍ ആനുകൂല്യമില്ലാത്ത റേഷന്‍കാര്‍ഡിലേക്ക് (എന്‍.പി.എന്‍.എ. സ്‌നോണ്‍ പ്രയോറിറ്റി നോണ്‍ സബ്‌സിഡി) തരംമാറ്റപ്പെടുകയും ചെയ്തു. ഇനി മുന്‍ഗണ ലഭിക്കണമെങ്കില്‍ പുതിയ അപേക്ഷ നല്‍ക്കേണ്ടിവരും. കൊച്ചിയിലാണ് കൂടുതല്‍ പേര്‍ക്ക് ആനുകൂല്യമില്ലാതായത്.8,571പേര്‍ക്കാണ് ആനുകൂല്യം നഷ്ടമായത്. ഏറ്റവും കുറവ് വയനാട്ടിലാണ് 878 പേരുടെ ആനുകൂല്യം നഷ്ടമായി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യത്തോടെയുള്ള റേഷന്‍വിഹിതം കൈപ്പറ്റുന്ന അന്ത്യോദയ അന്നയോജന പ്രയോറിറ്റി ഹൗസ് ഹോള്‍ഡ്, നോണ്‍ പ്രയോറിറ്റി സബ്‌സിഡി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന റേഷന്‍കാര്‍ഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് മൂന്ന് മാസം തുടര്‍ച്ചയായി റേഷന്‍ വിഹിതം വാങ്ങാതിരുന്നതിനാല്‍ ഇല്ലാതായത്. റേഷന്‍ വാങ്ങുമെന്ന് ഉറപ്പുള്ളവര്‍ക്കുമാത്രമേ കാര്‍ഡ് പുതുക്കി നല്‍കൂ.
പ്രയോറിറ്റി ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുകളാണ് ഏറ്റവും കൂടുതല്‍ തരംമാറ്റപ്പെട്ടത്. ഈ വിഭാഗത്തില്‍നിന്ന് 48,724 പേരുടെ ആനുകൂല്യം നഷ്ടമായി. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ നിന്ന് 6,672 വും നോണ്‍ പ്രയോറിറ്റി സബ്‌സിഡിയിലുള്ള 4,292 ഉം റേഷന്‍കാര്‍ഡുകള്‍ ആനുകൂല്യമില്ലാത്ത നോണ്‍ പ്രയോറിറ്റി നോണ്‍ സബ്‌സിഡി വിഭാഗത്തിലേക്ക് തരംമാറ്റുകയും ചെയ്തു.
ഏത് റേഷന്‍കടയില്‍ നിന്ന് വേണമെങ്കിലും റേഷന്‍ വാങ്ങാമായിരുന്നിട്ടും മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ടവര്‍ വാങ്ങാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ പൊതുവിതരണ വകുപ്പ് തിരുമാനിച്ചത്. ആനുകൂല്യം നഷ്ടമായവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കി കാരണം ബോധിപ്പിച്ച് ആനുകൂല്യങ്ങള്‍ തിരികെ നേടാം.