ഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിക്കാരായ മുസ്ലിം ലീഗും ഡിവൈഎഫ്‌ഐയും ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാവും ആവശ്യമുയര്‍ത്തുന്നത്.

പൗരത്വ ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്തതിന് പിന്നാലെയാണ് ഒരുകൂട്ടം ഹര്‍ജികള്‍ വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാണ് മുസ്ലിം ലീഗും ഡിവൈഎഫ്‌ഐയും നല്‍കിയ ഹര്‍ജികളിലെ ആവശ്യം. ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടും. കേരളവും സുപ്രീം കോടതിയില്‍ സമാന ആവശ്യങ്ങള്‍ ഉയര്‍ത്തും.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഉറപ്പ്. ഈ ഉറപ്പിന് വിരുദ്ധമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് പൗരത്വ നിയമമെന്നും ഹര്‍ജിക്കാർ വാദിക്കുന്നു. ഒരു മതത്തെ മാത്രം മാറ്റി നിര്‍ത്തി പൗരത്വം നല്‍കുന്നത് പ്രഥമ ദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണ് എന്നതാണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തുന്ന മറ്റൊരു പ്രധാന വാദം.
ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിലേക്കാണ് ഹര്‍ജിക്കാര്‍ പരിഗണനാ ആവശ്യമുയര്‍ത്തുന്നത്. രാവിലെ പത്തരയ്ക്ക് സുപ്രിംകോടതിയില്‍ വിഷയം ഉന്നയിക്കുന്നതിനുള്ള അപേക്ഷ ഡിവൈഎഫ്‌ഐയും മുസ്ലീം ലീഗും ഇതിനകം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി 2020ല്‍ തന്നെ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *