കോട്ടയം: പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുന്നതിന് തടയിട്ടെന്ന സംശയത്തിൽ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നേതൃത്വത്തോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ബി.ജെ.പി നേതാവ് പുതിയ ആരോപണവുമായി രംഗത്ത്. കേരളത്തിലെ എൻ.ഡി.എ സഖ്യത്തിലെ ഒരു ഘടകക്ഷി സീറ്റ് വിൽക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായാണ് പി.സി.ജോർജിൻെറ പുതിയ പടപ്പുറപ്പാട്.സീറ്റ് നൽകാമെന്ന ഉറപ്പിൽ ഒരു നേതാവിനോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ജോർജിൻെറ ആരോപണം.
ആരോപണത്തിൻെറ കുന്തമുന നീളുന്നത് ബി.ഡി.ജെ.എസ് നേതൃത്വത്തിന് നേരെയാണെന്ന് ഏറെക്കുറെ വ്യക്തമാണെങ്കിലും പാർട്ടി ഏതാണെന്ന് വെളിപ്പെടുത്താൻ ജോർജ് കൂട്ടാക്കിയിട്ടില്ല.മുന്നണയിലെ എല്ലാ ഘടകകക്ഷികളെയും പറ്റിയല്ല ആക്ഷേപം ഉന്നയിക്കുന്നതെന്നും സീറ്റ് വിൽക്കാൻ നോക്കിയ പാർട്ടി ഏതാണെന്ന് വ്യക്തമായി അറിയാമെന്നും ഇപ്പോൾ പേര് പറയുന്നില്ല എന്നുമാണ് ജോർജിൻെറ പ്രതികരണം. സീറ്റ് കച്ചവടത്തെപ്പറ്റി ബി.ജെ.പി ദേശിയ-സംസ്ഥാന നേതൃത്വങ്ങളെ പരാതി അറിയിച്ച പി.സി.ജോർജ് , അടിയന്തിര ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടുക്കി സീറ്റിൻെറ കാര്യത്തിലാണ് വിൽപ്പന നീക്കം നടന്നതെന്നാണ് ജോർജ് ആരോപിക്കുന്നത്. കേരളത്തിൻെറ സംഘടനാ ചുമതലയുളള പ്രഭാരി പ്രകാശ് ജാവദേക്കറോടാണ് പി.സി. ജോർജ് സീറ്റ് വിൽക്കാൻ ശ്രമിച്ചതിനെകുറിച്ച് പരാതി ഉന്നയിച്ചത്.
ലോകസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്ന പി.സി.ജോർജിന് അവസാന നിമിഷം മത്സരിക്കാനുളള അവസരം നഷ്ടമാകുകയായിരുന്നു.ഘടക പാർട്ടിയായ ബി.ഡി.ജെ.എസിൻെറ എതിർപ്പും ഇടപെടലും മൂലമാണ് കപ്പിനും ചുണ്ടിനും ഇടയിൽ സീറ്റ് നഷ്ടമായതെന്നാണ് ജോർജും അനുയായികളും സംശയിക്കുന്നത്.
സീറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസിനെയും പാർട്ടി അധ്യക്ഷൻ തുഷാർ വെളളാപ്പളളിയേയും കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് പി.സി.ജോർജ് രംഗത്തെത്തിയിരുന്നു. ഈഴവ സമുദായത്തേ അധിക്ഷേപിച്ചത് കൊണ്ടാണ് ജോർജിന് സീറ്റ് ലഭിക്കാതെ പോയതെന്ന് തുഷാർ വെളളാപ്പളളിയും പിതാവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ വെളളാപ്പളളി നടേശനും മറുപടിയും നൽകി. തുഷാറിനെ ‘സ്മാൾ ബോയ്’ എന്ന് വിളിച്ച പി.സി.ജോർജ് പതിവ് ശൈലിയിൽ വിമർശനം തുടരുകയായിരുന്നു.
കോട്ടയത്ത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് എത്തിയ തുഷാർ വെളളാപ്പളളി ജോർജിന് മറുപടിയും നൽകി. ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നേറുന്നതിനിടയിലാണ് സീറ്റ് കച്ചവടം ആരോപിച്ചുകൊണ്ടുളള ജോർജിൻെറ രംഗപ്രവേശം.
നാല് സീറ്റുകളിൽ മത്സരിക്കുന്ന ബി.ഡി.ജെ.എസ് ഇതുവരെ കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോട്ടയത്ത് തുഷാർ തന്നെ മത്സരിക്കുമെന്നാണ് പറയുന്നതെങ്കിലും ഇടുക്കിയിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
കേരളാ കോൺഗ്രസ് നേതാവും ഉടുമ്പൻചോലയിൽ നിന്നുളള മുൻ എം.എൽ.എയുമായ മാത്യു സ്റ്റീഫനെ ഇടുക്കി സീറ്റിലേക്ക് പരിഗണിച്ചിരുന്നു. ഇക്കാര്യം തുഷാർ വെളളാപ്പളളി തന്നെ മാധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടിയിൽ അംഗത്വം എടുത്താൽ സീറ്റ് നൽകുന്നത് പരിഗണിക്കാമെന്ന് മാത്യു സ്റ്റീഫനോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു തുഷാറിൻെറ പ്രതികരണം. മതമേലധ്യക്ഷൻ മാരുമായുളള കൂടിക്കാഴ്ചക്ക് ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ഏറ്റവും ഒടുവിലത്തെ പ്രതികരണം. എന്നാൽ ഇതുവരെയും ഇടുക്കി, കോട്ടയം സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടില്ല.
കേഡർ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയിൽ ചേർന്ന ശേഷവും, തിരഞ്ഞടുപ്പ് കാലമാണെന്ന് ഓർക്കാതെ പഴയ ശൈലിയിലുളള വാവിട്ട പ്രതികരണങ്ങൾ നടത്തുന്ന പി.സി.ജോർജിൻെറ രീതികളിൽ ബി.ജെ.പി നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്.
നാക്ക് നിയന്ത്രിക്കണമെന്ന് പരോക്ഷമായി സൂചന നൽകിയിട്ടും തിരുത്താൻ തയാറാകാത്തതാണ് അമർഷം വളരാൻ കാരണം.പത്തനംതിട്ട സീറ്റ് കിട്ടാതെ വന്നപ്പോൾ സമുദായ നേതാവ് കൂടിയായ വെളളാപ്പളളി നടേശനെതിരെ നടത്തിയ പ്രതികരണം അതിരുകടന്നതായി പോയെന്നാണ് ബി.ജെ.പി നേതാക്കൾക്കിടയിലുളള വിമർശനം.ഇപ്പോഴത്തെ സീറ്റ് വിൽപ്പന ആരോപണം കൂടി ഉന്നയിച്ചതോടെ പി.സി.ജോർജിനെതിരെ ദേശിയ നേതൃത്വത്തെ സമീപിക്കാൻ നിർബന്ധിതരയായിരിക്കുകയാണ് കേരളത്തിലെ നേതൃത്വം.