ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യാജ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന സംഘം പിടിയില്‍. ക്യാന്‍സര്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പടെ ഏഴ് പേരാണ് അറസ്റ്റിലായത്. വിഫില്‍ ജെയിന്‍ (46), സൂരജ് ഷാത് (28), നീരജ് ചൗഹാന്‍ (38), തുഷാര്‍ ചൗഹാന്‍ (28), പര്‍വേസ് (33), കോമള്‍ തിവാരി (39), അഭിനയ് കോഹ്ലി (30) എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് നാലുകോടിയുടെ വ്യാജമരുന്നും നിര്‍മാണ സാമഗ്രികളും പിടികൂടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഗുരുഗ്രാം, മോത്തിനഗര്‍, യമുന വിഹാര്‍, സൗത്ത് സിറ്റി എന്നിവിടങ്ങളില്‍ ഒരേസമയം നടത്തിയ പരിശോധനയിലാണ് വ്യാജമരുന്നുകള്‍ പോലീസ് പിടിച്ചെടുത്തത്. രണ്ട് ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു വ്യാജ മരുന്ന് നിര്‍മാണം.
പരിശോധനയില്‍ ഇവരില്‍ നിന്നും വ്യാജമരുന്നിന്റെ 140ലധികം കുപ്പികള്‍ പിടിച്ചെടുത്തു. ഇവയ്ക്ക് നാലു കോടി രൂപയിലധികം വിലവരുമെന്നാണ് പോലീസ് പറയുന്നത്. കൂടാതെ മരുന്ന് നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍, പാക്കിങ് മെറ്റീരിയലുകള്‍, ലേബല്‍ ചെയ്ത കുപ്പികള്‍, സീലുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.
മരുന്നുകള്‍ സ്വമേധയാ സീലുകള്‍ ചെയ്ത് വ്യാജ ഡീലര്‍മാര്‍ക്ക് വില്‍ക്കുകയായിരുന്നു ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പ്രതികള്‍ക്ക് രാജ്യന്തരബന്ധമുണ്ടോയെന്നതുള്‍പ്പടെ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.